പത്തനംതിട്ട: പതിനാലുകാരന് നേരേ ലൈംഗികാതിക്രമം നടത്തിയയാളെ പെരുനാട് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര കാവില്‍ വീട്ടില്‍ അനീഷ് ( 43) ആണ് പിടിയിലായത്, അവിവാഹിതനാണ്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി രണ്ടുവര്‍ഷം മുമ്പ് സ്‌കൂള്‍ വെക്കേഷന്‍ സമയത്ത് കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവുമാണ് കേസ്.

ഈവര്‍ഷം ഫെബ്രുവരി ഒന്ന് വരെയുള്ള കാലയളവിനിടയില്‍ ഇയാള്‍ കുട്ടിയോട് ഇത്തരത്തില്‍ പെരുമാറി. ഇന്നലെരാത്രിയാണ് കുട്ടി പോലീസിന് മൊഴി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പെരുനാട് പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്യലിനുശേഷം കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.