തിരുവനന്തപുരം: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തിനു നേരെ രാത്രിയിലുണ്ടായ പോലീസാക്രമണത്തെ കുറിച്ച് പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന എസ്.പി. റാങ്കിലുള്ള സീനിയര്‍ ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണം സത്യസന്ധവും സുതാര്യവുമായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് നിയമപരമായി വിലയിരുത്തിയ ശേഷം ആരോപണത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച് റേഞ്ച് ഐ.ജി. ഒരു മാസത്തിനകം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എസ്. പി.യുടെ അന്വേഷണറിപ്പോര്‍ട്ടും ഒപ്പം സമര്‍പ്പിക്കണം.

ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ പേര്, പെന്‍ നമ്പര്‍, നിലവിലെ മേല്‍വിലാസം എന്നിവ ഐ.ജി.യുടെ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. മാര്‍ച്ച് 14ന് രാവിലെ പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമ്പോള്‍ ഐ.ജി. നിയോഗിക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥര്‍ സിറ്റിംഗില്‍ പങ്കെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.