കണ്ണൂര്‍: ക്രിസ്തുമസ് -പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം ആര്‍ക്കാണെന്നതിന്റെ അനിശ്ചിത്വത്വം നീങ്ങി. ബംപര്‍ സമ്മാനമായ 20 കോടിയുടെ ഭാഗ്യകുറി ടിക്കറ്റ് ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയില്‍ കൈമാറി. തന്റെ മേല്‍വിലാസം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സത്യന്‍ എന്ന പേരിലുള്ള ആള്‍ ബാങ്കില്‍ നേരിട്ടെത്തി വ്യാഴാഴ്ച്ച രാവിലെ ടിക്കറ്റ് കൈമാറിയത്.

20 കോടി ഒന്നാം സമ്മാനമായി ലഭിച്ച ടിക്കറ്റ് ചക്കരക്കല്‍ മുത്തു ഏജന്‍സിയുടെ സബ് ഏജന്‍സിയുടെ സബ് ഏജന്‍സിയിലൂടെയാണ് വിതരണം ചെയ്തത്. ഒന്നിച്ച് പത്തെണ്ണമാണ് സത്യനെന്നയാള്‍ എടുത്തത്. ഒന്നാം സമ്മാനം കിട്ടിയത് പുറത്ത് അറിയാതിരിക്കാന്‍ ഭാഗ്യശാലി രംഗത്തുവന്നിരുന്നില്ല.

കോടീശ്വരനായ സത്യനെ തേടി മാധ്യമങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും നേരത്തെ അഭ്യുഹമുണ്ടായിരുന്ന സത്യനെന്നയാളും കുടുംബവും ഒന്നാം സമ്മാനം അടിച്ചുവെന്ന വാര്‍ത്ത നിഷേധിച്ചു രംഗത്തുവരികയായിരുന്നു. പയഞ്ചേരി സ്വദേശിയായ സത്യനാണ് ഈ കാര്യം നിഷേധിച്ചത്. എന്നാല്‍ ഒന്നാം സ്ഥാനം നേടിയ ടിക്കറ്റ് വിതരണം ചെയ്ത മുത്തു ഏജന്‍സിയുടെ ചക്കരക്കല്ലിലും ഇരിട്ടി ശാഖയിലും ലഡു വിതരണവും ബാന്‍ഡ് മേളവും പടക്കം പൊട്ടിക്കലും നടന്നിരുന്നു. എന്നാല്‍ ഒന്നാം സമ്മാനക്കാരന്‍ മാത്രം രംഗത്തുവരാതെയായതോടെ ഈ കാര്യത്തില്‍ അഭ്യുഹം നിലനിന്നിരുന്നു.