അടൂര്‍: എം സി റോഡില്‍ മിത്രപുരം നാല്‍പതിനായിരംപടിയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. മേലൂട് അമ്മകണ്ടകര അമല്‍ ഭവനത്തില്‍ വിശ്വനാഥന്റെ മകന്‍ അമല്‍ (19), തൊഴുവിള കിഴക്കേതില്‍ പൊടിയന്റെ മകന്‍ നിഷാന്ത് (21) ആണ് മരിച്ചത.. ഇന്ന് പുലര്‍ച്ചെ 12.15 നാണ് അപകടം. യുവാക്കള്‍ പെട്രോള്‍ അടിക്കാന്‍ വേണ്ടി അടൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു.

എതിരേ വന്ന ആന്ധ്രാ രജിസ്ട്രേഷനിലുള്ള ടൂറിസ്റ്റ് ബസുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ എത്തിയതിനു ശേഷവും ആണ് മരിച്ചത്. അടൂര്‍ ചേന്നമ്പള്ളിയില്‍ ഉള്ള സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് അമലും നിഷാന്തും. സ്ഥാപനം അടച്ചതിനു ശേഷം പെട്രോള്‍ അടിക്കാന്‍ വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇരുവരുടെയും മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.