മധൂര്‍: സൈക്കിളുമായി കുളത്തില്‍ വീണ എല്‍.കെ.ജി. വിദ്യാര്‍ഥിനി ഹംദ ഫാത്തിമയ്ക്ക് രണ്ടാംജന്മം. കുളത്തില്‍ വീണ കുഞ്ഞിനെ ഓടിയെത്തിയ 13കാരനായ അമ്മാവന്‍ മുഹമ്മദ് ഹസന്‍ സുല്‍ത്താനാണ് രക്ഷിച്ചത്. കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ ഹസന്‍ ആറടി ആഴമുള്ള കുളത്തിലേക്ക് ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

മധൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഹിദായത്ത് നഗര്‍ ഏമകുണ്ടില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. വീട്ടിനടുത്ത് കുത്തനെയുള്ള ഇറക്കത്തോടുകൂടിയ കോണ്‍ക്രീറ്റ് റോഡില്‍നിന്ന് ബ്രേക്ക് കുറവായ സൈക്കിള്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീഴുകയായിരുന്നു. നായന്മാര്‍മൂല ടി. ഐ.എച്ച്.എസ്.എസ്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഹസനും കൂട്ടുകാരും സമീപത്തെ മൈതാനത്ത് പന്ത് കളിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിലും സൈക്കിള്‍ വീഴുന്ന ശബ്ദവും കേട്ടാണ് ഓടിയെത്തിയത്. കുളത്തില്‍ വള്ളിയില്‍ പിടി കിട്ടിയതും ഹംദയ്ക്ക് രക്ഷയായി. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് ഇരുവരെയും കരയ്‌ക്കെത്തിച്ചു. ഹിദായത്ത് നഗറിലെ നിയാസിന്റെയും ഷബ്‌നത്തിന്റെയും മകളാണ്. മധൂര്‍ ഗ്രാമപ്പഞ്ചായത്തംഗം ഹബീബ് ചെട്ടുംകുഴി ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി ഹസനെ അനുമോദിച്ചു.