കണ്ണൂര്‍ :സീഡ് സൊസൈറ്റിയുടെ പേരില്‍ നടന്ന കോടികളുടെ തട്ടിപ്പ് കേസില്‍ സിപിഎം - കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നും ബിജെപി കണ്ണൂര്‍ നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് പി പി വിനോദ് കുമാര്‍. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ കണ്ണൂര്‍ പാറക്കണ്ടിയിലെ മാരാര്‍ജി ഭവനില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ ചില വാര്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ട്.

സീഡ് സൊസൈറ്റിയുടെ മറവില്‍ പാതി വിലയ്ക്ക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പാണ് നടന്നത്. തട്ടിപ്പിന് പിന്നില്‍ കോണ്‍ഗ്രസ്- സിപിഎം നേതാക്കള്‍ക്ക് ഒരു പോലെ പങ്കുണ്ട്. മന്ത്രിമാര്‍, എംഎല്‍എമാര്‍, മേയര്‍, സെപൂട്ടി മേയര്‍, വാര്‍ഡ് ജനപ്രതിനിധികള്‍ എന്നിവര്‍ക്കും പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി പി വിനോദ് കുമാര്‍ ചൂണ്ടിക്കാട്ടി.

കലക്ടറുടെ അടുക്കല്‍ പരാതിക്കാര്‍ ചെന്നപ്പോള്‍ അവരെ കാണാന്‍ കലക്ടര്‍ കൂട്ടാക്കിയില്ല. പകരം എഡിഎമ്മിനെ കാണാനാണ് നിര്‍ദ്ദേശിച്ചത്.കലക്ടര്‍ നിരുത്തരവാദത്തോടെയാണ് പെരുമാറിയത്. കോടികളുടെ തട്ടിപ്പ് നടത്താന്‍ സിപിഎം - കോണ്‍ഗ്രസ് നേതാക്കള്‍ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. വന്‍ സാമ്പത്തിക കൊള്ളയാണ് നടന്നത്. പരാതികളില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നും കെ കെ വിനോദ് കുമാര്‍ പറഞ്ഞു