കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനം 33,150 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍. ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ വിലയായ 18,150 രൂപയും കോടതിച്ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളില്‍ 15,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കമ്മിഷന്‍ ഉത്തരവ് നല്‍കി.

എറണാകുളം മഴുവന്നൂര്‍ സ്വദേശി ജിജോ ജോര്‍ജ്, പെരുമ്പാവൂരിലെ സ്ഥാപനത്തിനെതിരേ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2020 ഓഗസ്റ്റിലാണ് പരാതിക്കാരന്‍ 59,990 രൂപ നല്‍കി എതിര്‍കക്ഷിയില്‍ നിന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. സ്‌കൂട്ടറിന്റെ ബാറ്ററിക്ക് ഒരു വര്‍ഷത്തെ വാറന്റിയും നല്‍കിയിരുന്നു. എന്നാല്‍, സ്‌കൂട്ടര്‍ വാങ്ങി കുറച്ചു മാസം കഴിഞ്ഞപ്പോള്‍ തന്നെ ബാറ്ററി തകരാറിലായി. എതിര്‍കക്ഷിയെ സമീപിച്ചപ്പോള്‍ പഴയ ബാറ്ററി തന്നെ റിപ്പെയര്‍ ചെയ്ത് നല്‍കുകയാണ് ചെയ്തത്. അതിനുശേഷവും സ്‌കൂട്ടര്‍ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലായി, ഇതോടെ പുതിയ ബാറ്ററി പണം നല്‍കി വാങ്ങുന്നതിന് പരാതിക്കാരന്‍ നിര്‍ബന്ധിതനായി.

ഇതേ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. എതിര്‍കക്ഷിയുടെ ഈ നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.