കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി കെ രാഗേഷിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. ലക്ഷക്കണക്കിന് രൂപയുടെ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളും സ്ഥലങ്ങളുടെ രേഖകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. സ്ഥിരം നിക്ഷേപം നിലവിലുള്ളപ്പോള്‍ തന്നെ ബാങ്കില്‍ നിന്നും ഓവര്‍ ഡ്രാഫ്റ്റ് എടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് ലോക്കറുകള്‍ ഉള്‍പ്പെടെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് വിശദമായി പരിശോധിച്ചു വരികയാണ്.ഇന്നലെ രാവിലെ ആറോടെ ആരംഭിച്ച റെയ്ഡ് രാത്രി പത്തിനാണ് അവസാനിച്ചത്. ഇന്നലെ പി കെ രാഗേഷിന്റെ വസതിയിലും കോര്‍പറേഷനിലെ ക്യാബിനിലും പരിശോധന നടത്തിയ സംഘം പള്ളിക്കുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക്, ചാലാട് കാനറാ ബാങ്ക് എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്നേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊടുത്ത പരാതിയാണ് രാഗേഷിനെ കുരുക്കിലാക്കുന്നത്. അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം മുന്‍പും രാഗേഷിന്റെ വസതിയില്‍ പരിശോധനക്കെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്നേ കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തിയ വിജിലന്‍സ് സംഘം രാഗേഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കിയിരുന്നു.

കോടതി സര്‍ച്ച് വാറണ്ട് പ്രകാരം കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്പി കെ.പി. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായാണ് വിജിലന്‍സ് സംഘം രാഗേഷിന്റെ വീട് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ പരിശോധനയ്‌ക്കെത്തിയത്.