- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.ആര്‍. ശ്രീജേഷിന് എം.ജി. മോട്ടോഴ്‌സിന്റെ സ്‌നേഹ സമ്മാനം; വിന്‍ഡ്സര്‍ ഇ.വി സ്വീകരിച്ചത് കുടുംബത്തോടൊപ്പം എത്തി
പി.ആര്‍. ശ്രീജേഷിന് എം.ജി. മോട്ടോഴ്‌സിന്റെ സ്‌നേഹ സമ്മാനം
കൊച്ചി: വിരമിച്ച ഇന്ത്യന്‍ ഹോക്കി ഗോള്‍ക്കീപ്പറും ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവുമായ പി.ആര്‍. ശ്രീജേഷിന് എം.ജി. മോട്ടോഴ്‌സിന്റെ സ്‌നേഹ സമ്മാനം. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയതിനുപിന്നാലെ ടീം അംഗങ്ങള്‍ക്ക് ഇ.വി നല്‍കുമെന്ന് എം.ജി. പ്രഖ്യാപിച്ചിരുന്നു. എം.ജിയുടെ വിന്‍ഡ്സര്‍ ഇ.വിയാണ് താരത്തിന് സമ്മാനിച്ചത്. കൊച്ചിയിലെ ഇ.വി.എം കോസ്റ്റ് ലൈന്‍ ഗ്യാരേജസില്‍നിന്ന്, കുടുംബത്തോടൊപ്പം എത്തിയാണ് ശ്രീജേഷ് വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. വെള്ള നിറത്തിലുള്ള വിന്‍ഡ്സറിന്റെ ടോപ് സ്‌പെക് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയത്.
ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറിയ അതേ സമയത്തുതന്നെയായിരുന്നു വിന്‍ഡ്‌സര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതും. 2024 നവംബറില്‍ ചണ്ഡീഗഢില്‍വെച്ചു നടന്ന ചടങ്ങില്‍ ശ്രീജേഷ് ഉള്‍പ്പടെയുള്ള ഹോക്കി ടീം അംഗങ്ങള്‍ക്ക് വിന്‍ഡ്‌സറിന്റെ താക്കോല്‍ ഔദ്യോഗികമായി എം.ജി കൈമാറിയിരുന്നു. 25 വാഹനങ്ങളാണ് അന്ന് സമ്മാനിച്ചത്. എന്നാല്‍, ചണ്ഡീഗഢില്‍നിന്ന് വാഹനം കേരളത്തിലേക്ക് എത്തിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം കൊച്ചിയില്‍വെച്ച് ഡെലിവറിയെടുക്കാന്‍ ശ്രീജേഷ് തീരുമാനിക്കുകയായിരുന്നു. ശ്രീജേഷിന്റെ മിന്നും ഗോള്‍ക്കീപ്പിങ് മികവിലായിരുന്നു പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ സാധ്യമായത്. സ്പെയിനിനെതിരേ 2-1നായിരുന്നു ജയം.
2024 സെപ്റ്റംബറിലാണ് എം.ജി. വിന്‍ഡ്സര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എക്‌സൈറ്റ്, എക്‌സ്‌ക്ലുസീവ്, എസന്‍സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭിക്കുന്നത്. യഥാക്രമം 13.50 ലക്ഷം, 14.50 ലക്ഷം, 15.50 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്‌സ്‌ഷോറൂം വില. 38 കിലോവാട്ട് ശേഷിയുള്ള എല്‍.എഫ്.പി. ബാറ്ററിയാണ് വാഹനത്തിലുള്ളത്. 136 ബി.എച്ച്.പി. പവറും 200 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. 331 കിലോമീറ്ററാണ് റേഞ്ച്. ഇക്കോ പ്ലസ്, ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നീ നാല് ഡ്രൈവിങ് മോഡുകളും ഉണ്ട്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും വിന്‍ഡ്സര്‍ ഇ.വിയുടെ ഹൈലൈറ്റാണ്.
45 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 55 മിനിറ്റില്‍ പൂജ്യത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, 7.7 കിലോവാട്ട് എ.സി. ചാര്‍ജര്‍ ഉപയോഗിച്ച് 6.5 മണിക്കൂറില്‍ 100 ശതമാനം ബാറ്ററി നിറയും. എന്നാല്‍, 3.3 കിലോവാട്ട് ചാര്‍ജറിന്റെ സഹായത്തില്‍ 100 ശതമാനം ചാര്‍ജ് നിറയാന്‍ 14 മണിക്കൂറോളം സമയമെടുക്കും.