തിരുവനന്തപുരം: കേന്ദ്രം നല്‍കിയ പണം ഗ്രാന്‍ഡിന് തുല്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം നല്‍കിയ 550 കോടി രൂപ ഫലപ്രദമായി ചെലവഴിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

ഈ പണം 50 വര്‍ഷം കഴിഞ്ഞിട്ട് തിരിച്ചടയ്ക്കുന്നതിനെപ്പറ്റിയുള്ള വേവലാതി പിണറായി വിജയനോ യുഡിഎഫോ ഇപ്പോള്‍ നടത്തേണ്ട. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ തന്നെ ഇതോക്കെ തിരിച്ചടയ്ക്കാനുള്ള ബാധ്യത ഇവിടെ ദേശീയ കക്ഷികള്‍ക്ക് വരും. അതുകൊണ്ട് ആ കാര്യങ്ങളെ കുറിച്ച് സര്‍ക്കാര്‍ വേവലാതിപ്പെടേണ്ട എന്നും അദ്ദേഹം പറഞ്ഞു. ഇനി കൂടുതല്‍ സമയം ആവശ്യമുണ്ടെങ്കില്‍ എല്ലാവരും ചേര്‍ന്ന് പരിശ്രമിക്കണം. വയനാടിനെ രക്ഷിക്കാനുള്ള തുകയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വയനാട് പുനര്‍ നിര്‍മാണത്തിനായി കേന്ദ്രസഹായം തേടിയ കേരളത്തിന് 529.5 കോടിയുടെ കാപ്പക്‌സ് വായ്പയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. നടപ്പ് സാന്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള മൂലധനനിക്ഷേപ സഹായമായ കാപ്പക്‌സ് വായ്പ കേന്ദ്രം കേരളത്തിന് അനുവദിച്ചത്. 50 വര്‍ഷം കൊണ്ടു തിരിച്ചടയ്‌ക്കേണ്ട പലിശരഹിത വായ്പയാണിത്.