പാലക്കാട്: നെല്ലിയാമ്പതിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ പുലിയെ മയക്കുവെടി വയ്ക്കാതെ പുറത്തെത്തിച്ചു. ആറര മണിക്കൂര്‍ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടില്‍കയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇന്നലെ രാത്രിയോടെയാണ് പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റില്‍ പുലി വീണത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. കിണറ്റിലേക്കിറക്കുന്നതിനായി കൂടും സ്ഥലത്തെത്തിച്ചു. ഡിഎഫ്ഒയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. പുലിയെ കൂട്ടില്‍ കയറ്റി പുറത്തെത്തിക്കാനുള്ള സാധ്യത അടഞ്ഞാല്‍ മയക്കുവെടിവെച്ച് പുറത്തെത്തിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാമും സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍, ഇതിനിടെ അര്‍ധരാത്രി 12.20ഓടെ പുലിയെ കൂട്ടില്‍ കയറ്റി പുറത്തെത്തിക്കുകയായിരുന്നു.

അതേസമയം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച വയനാട് തലപ്പുഴയില്‍ ഇന്ന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടക്കും. രാവിലെ ഒമ്പതു മണി മുതലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളില്‍ തെരച്ചില്‍ നടക്കുക. വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി പത്തുമണിയോടെ അടയ്ക്കാനും രാത്രി ഏഴരയ്ക്കുശേഷം ഒറ്റപെട്ട സ്ഥലങ്ങളിലേക്ക് യാത്രാ നിയന്ത്രണവും പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.