പത്തനംതിട്ട: പെണ്‍കുട്ടിയെ മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 73 വര്‍ഷം കഠിനതടവും മൂന്നരലക്ഷം പിഴയും. തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ ചുവട്ടുപാറ മുളക്കലോലില്‍ സാജു എം.ജോയിയെ (39) ആണ് പത്തനംതിട്ട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. റാന്നി പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി.

2019 ജനുവരിയില്‍ കുട്ടിക്ക് 12 വയസ്സാകുംമുമ്പായിരുന്നു പീഡനം തുടങ്ങിയത്. 2023 മാര്‍ച്ച് 17 വരെ പലതവണ ഇത് ആവര്‍ത്തിച്ചു. 2023 ഫെബ്രുവരിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തിനുപിടിച്ച് കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുംചെയ്തു. അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. വിനോദ് ആണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി.