തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ ചുമതലയുള്ള വനിതാ ഡോക്ടര്‍ക്കു പകരം ഇവരുടെ ഡോക്ടറായ ഭര്‍ത്താവ് ഡ്യൂട്ടിയെടുത്തത് വിവാദമായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയുണ്ടായിരുന്ന ഡോ. സഹീദയ്ക്ക് പകരമാണ് ഇവരുടെ ഭര്‍ത്താവ് ഡോ. സഫീല്‍ ഡ്യൂട്ടിക്കെത്തിയത്. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് ഡോ. സഫീല്‍

പല ദിവസങ്ങളിലും ഭാര്യക്കു പകരം ഭര്‍ത്താവ് പരിശോധന നടത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രസവാവധി കഴിഞ്ഞെത്തിയ ഡോക്ടര്‍ കുഞ്ഞിന് പാല്‍ കൊടുക്കുന്നതിന് മാറിനിന്ന സമയത്താണ് ഭര്‍ത്താവായ ഡോ. സഫീല്‍ അത്യാഹിതവിഭാഗത്തില്‍ പരിശോധനയ്ക്കിരുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു. എന്നാല്‍ ഭാര്യയ്ക്ക് പകരം ഭര്‍ത്താവ് ഡ്യൂട്ടിയെടുക്കുന്നതായാണ് രോഗികളുടെ ആരോപണം.

വിവരമറിഞ്ഞ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് സംഭവം പുറത്തുകൊണ്ടുവന്നത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ. റസാഖ് ആരോഗ്യമന്ത്രിക്കും ഡി.എം.ഒ.യ്ക്കും പരാതി നല്‍കി. അതേസമയം, കെ.പി.എ. മജീദ് എം.എല്‍.എ.യുടെ ബന്ധുവാണ് ആള്‍മാറാട്ടം നടത്തിയതെന്നും സംഭവം അന്വേഷിക്കണമെന്നും സി.പി.എം. തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ജോലിചെയ്യാതെ ശമ്പളം വാങ്ങിയ ഡോക്ടര്‍ക്കെതിരേ നടപടി വേണമെന്നും ഇങ്ങനെ സൗകര്യം ലഭിക്കുന്നതിന് കെ.പി.എ. മജീദ് നടത്തിയ ഇടപെടല്‍ അന്വേഷിക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു. ഇ.പി. മനോജ് അധ്യക്ഷതവഹിച്ചു. എം.പി. ഇസ്മായീല്‍, കെ. രാമദാസ്, കമറു കക്കാട്, കെ. കേശവന്‍, കെ.ടി. ദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഷയത്തില്‍ തനിക്കു പങ്കുണ്ടെന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും കെ.പി.എ. മജീദ് പ്രതികരിച്ചു.