അടൂര്‍: കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം മറവന്‍ തുരുത്ത് ദേവസ്വം കരിയില്‍ നിഷാദ് ഹബി(34)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച വൈകിട്ട് 4.30 ന് അടൂര്‍ ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടത്.

ഞായറാഴ്ച രാത്രിയിലാണ് ബൈപ്പാസ് റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തതെന്ന് സംശയിക്കുന്നു. വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രിയില്‍ നിഷാദ് സമീപത്തുള്ള ഹോട്ടലില്‍ കയറിയപ്പോള്‍ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം അടച്ചതിന്റെ സന്ദേശം സഹോദരിക്ക് ചെന്നിരുന്നു.

ബന്ധുക്കള്‍ ഇന്ന് ഹോട്ടലിലെത്തി നിഷാദിനെ തിരക്കിയെങ്കിലും കൂടുതല്‍ വിവരം ലഭിച്ചില്ല. പിന്നീട് ബൈപ്പാസില്‍ എത്തിയപ്പോഴാണ് നിഷാദ് ഓടിച്ചിരുന്ന കാര്‍ റോഡരികില്‍ കിടക്കുന്നത് കണ്ടത്. ഇതിനുള്ളില്‍ മരിച്ച നിലയില്‍ നിഷാദിനെയും കണ്ടു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും ഹൃദയാഘാതമാകാം കാരണമെന്നുമാണ് പോലീസ് പറയുന്നത്.