- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂള്‍ മുറ്റത്തേക്ക് പാഞ്ഞെത്തി ബിഎംഡബ്ല്യു കാര്‍; മൈതാനത്ത് വട്ടം കറക്കിയും പൊടിപറത്തിയും അഭ്യാസം: കാറും ഓടിച്ച യുവാക്കളേയും കസ്റ്റഡിയിലെടുത്ത് പോലിസ്: കാറെത്തിയത് പത്താം ക്ലാസിന്റെ യാത്രയയപ്പ് ഗംഭീരമാക്കാന്‍
പത്താം ക്ലാസിന്റെ യാത്രയയപ്പ്; ബിഎംഡബ്ല്യു കാർ വാടകയ്ക്കെടുത്തത് വിദ്യാർഥികൾ
പത്തനംതിട്ട: പത്താം ക്ലാസിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുന്നതിനിടെ വലിയ ശബ്ദത്തില്‍ പൊടി പറത്തി സ്കൂള്‍ മുറ്റത്തേക്ക് പാഞ്ഞെത്തി ബിഎംഡബ്ല്യു കാര്‍. സംഭവമെന്തെന്ന് മനസ്സിലാകും മുന്‍പ് കാര്‍ മൈതാനത്തിട്ടു വട്ടം കറക്കിയും വേഗത്തിലോടിച്ചും യുവാക്കള്‍. അധ്യാപകരും ജീവനക്കാരും കാര്യം മനസ്സിലാവാതെ ആശങ്കയിലായി. ഉടന്‍ ജീവനക്കാര്‍ സ്കൂളിന്റെ ഗേറ്റ് പൂട്ടിയ ശേഷം പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ്, കാറും കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു.
കോന്നി ആര്‍വിഎച്ച്എസ്എസില്‍ ഇന്നലെ രാവിലെ 9ന് ആണ് സംഭവം. പത്താം ക്ലാസിന്റെ യാത്രയയപ്പ് കൊഴുപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ വാടകയ്ക്കെടുത്തതാണ് ബിഎംഡബ്ല്യു കാര്‍. യാത്രയയപ്പില്‍ ഫോട്ടോഷൂട്ടിനും അഭ്യാസപ്രകടനം നടത്താനുമാണ് വിദ്യാര്‍ഥികള്‍ കാര്‍ വാടകയ്ക്കെടുത്തത്. യുവാക്കളാണ് കാര്‍ എത്തിച്ചത്. വിദ്യാര്‍ഥികളോട് അന്വേഷിച്ചപ്പോഴാണ് യാത്രയയപ്പിന് 2000 രൂപ നല്കി ബിഎംഡബ്ല്യു കാര്‍ വാടകയ്ക്ക് എടുത്തതാണെന്ന് അറിയുന്നത്.
പത്തനംതിട്ട സ്വദേശിയായ ജോസ് അജി (19) ആണ് കാര്‍ ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശി ജുവല്‍ തോമസും (19). ഇവര്‍ക്കെതിരെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും സ്കൂളില്‍ അനുവാദമില്ലാതെ അതിക്രമിച്ചു കടന്ന് അഭ്യാസപ്രകടനം നടത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടതായി ഇന്‍സ്പെക്ടര്‍ പി.ശ്രീജിത്ത് പറഞ്ഞു.