തിരുവനന്തപുരം: റാഗിങ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള ഹൈക്കോടതി തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ വര്‍ഷം പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികള്‍ക്കു തുടര്‍ പഠനം അനുവദിച്ച സിംഗിള്‍ ബെഞ്ച് വിധിയില്‍ അതിശക്തമായ അമര്‍ഷം രേഖപ്പെടുത്തിയ തന്നേപ്പോലുള്ള പൊതുപ്രവര്‍ത്തകരുടെ വികാരം ഹൈക്കോടതി കണക്കിലെടുത്തതായി കരുതുന്നുവെന്നും അതിന്റെ കൂടി ഫലമാണ് ഈ തീരുമാനമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

പൂക്കോട് സിദ്ധാര്‍ഥനെ എസ്എഫ്ഐ നേതൃത്വം അതിക്രൂരമായി രണ്ടു ദിവസത്തോളം പരസ്യമായി മര്‍ദ്ദിച്ചും അപമാനിച്ചും മരണത്തിലേക്കു തള്ളിവിടുകയായിരുന്നു. ആ കുട്ടിയുടേത് ആത്മഹത്യയെന്നു കരുതാനാവില്ല. അതിനെ ഒരു കൊലപാതകം എന്നു തന്നെ വിലയിരുത്തണം. എന്നിട്ടും സിംഗിള്‍ ബെഞ്ച് പറഞ്ഞത് സിദ്ധാര്‍ഥിന്റെ മരണകാരണം മനസിലായില്ലെന്നും മുതിര്‍ന്ന കുട്ടികള്‍ ശാസിച്ച് ഗുണദോഷിക്കാന്‍ നടത്തിയ ശ്രമമെന്നുമായിരുന്നു. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കോടതിവിധിയായിരുന്നു അത്. ഈ സംരക്ഷണമാണ് കോട്ടയം നഴ്സിങ് കോളജ് അടക്കം പല കോളജുകളിലും കടുത്ത റാഗിങ്ങിലേക്കു പിന്നീട് നയിച്ചത്. കാരണം തെറ്റായ സന്ദേശമാണ് ഈ വിധി നല്‍കിയത്. അതിനെ പരസ്യമായി താനടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നു.

കേരളത്തില്‍ റാഗിങ് കേസുകള്‍ വര്‍ധിക്കുകയും അതില്‍ കുറ്റക്കാരായവര്‍ രാഷ്ട്രീയ സംരക്ഷണം മൂലം ശിക്ഷിക്കപ്പെടാതെ പോവുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്. പ്രചതികള്‍ക്ക് യൂണിവേഴ്സിറ്റിയുടെയും പോലീസിന്റെയും സര്‍ക്കാരിന്റെയും സംരക്ഷണം ലഭിക്കുന്നു. ഈ പുതിയ ബെഞ്ചിന്റെ രൂപീകരണ തീരുമാനം ഈ റാഗിങ് അവസാനിപ്പിക്കാനുള്ള ആദ്യത്തെ പടി ആകുമെന്നും കേരളത്തിലെ റാഗിങ് ഇരകള്‍ക്കു നീതി കിട്ടുമെന്ു പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.