കൊച്ചി: താമരശ്ശേരിയില്‍ പത്താക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ സഹപാഠികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതികരണവുമായി നടി മഞ്ജു പത്രോസ്. ഏതെങ്കിലും അച്ഛനോ അമ്മക്കോ ക്ഷമിക്കാന്‍ സാധിക്കുമോ ഈ പ്രവര്‍ത്തികളെന്നും ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കല്‍ പോലും നേരില്‍ കാണാത്ത നമുക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. 'എന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കില്‍ ഇന്ന് ഞാന്‍ ജയിലില്‍ ഉണ്ടായേനെ, എന്തിനെന്നു പറയേണ്ടല്ലോ' -അവര്‍ കുറിപ്പില്‍ പറഞ്ഞു.

മഞ്ജു പത്രോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

''18 വയസുള്ള മകന്റെ അമ്മയാണ് ഞാന്‍.. കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി നോക്കി വളര്‍ത്തിയ മകന്‍.. അവനെ ചുറ്റി പറ്റിയാണ് എന്റെ ജീവിതം. എല്‍.കെ.ജി ക്ലാസിന്റെ മുന്നില്‍ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അത്ഭുതം ഇല്ല. കാരണം അവന്‍ എന്റെ പ്രാണനാണ്.. അവന്റെ ഒരു കുഞ്ഞു വിരല്‍ മുറിഞ്ഞാല്‍ എന്റെ ഉറക്കം നഷ്ടപ്പെടും. സ്വരം ഇടറിയാല്‍ എന്താണെന്ന് അറിയുന്നവരെ വിളിച്ചു കൊണ്ടിരിക്കും.. എന്റെ തലയില്‍ തൊട്ട് സത്യം ചെയ്യുന്നതുവരെ എനിക്ക് ഉറപ്പുണ്ടാകില്ല. എന്റെ കാര്യം പറഞ്ഞെങ്കിലും എന്നെ പോലെ ഒരുപാട് അച്ഛന്മാരും അമ്മമാരുമുണ്ട്. അങ്ങനെ ഉള്ള ഒരമ്മക്കും അച്ഛനുമാണ് അവരുടെ പാറക്കമുറ്റത്ത മകനെ നഷ്ടപെട്ടത്. നഷ്ടപെട്ടതല്ല.. നഷ്ടപ്പെടുത്തിയത്. കാരണക്കാര്‍ തോളത്തു കയ്യിട്ടു നടക്കേണ്ട കൂട്ടുകാര്‍. അവര്‍ക്ക് വേണ്ടി വാദിക്കാന്‍ കുറെ പേര്..

പരീക്ഷയെഴുതണം പോലും... ഏതെങ്കിലും ഒരു അച്ഛന്, ഒരു അമ്മക്ക് ക്ഷമിക്കാന്‍ സാധിക്കുമോ ഈ പ്രവര്‍ത്തികള്‍? ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കല്‍ പോലും നേരില്‍ കാണാത്ത നമുക്ക് സഹിക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് മാതൃകപരമായ ശിക്ഷ നല്‍കേണ്ടതിനു പകരം എന്താണ് ഇവിടെ നടക്കുന്നത്? ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കള്‍ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല. 'അവന്റെ കണ്ണൊന്നു പോയി നോക്ക് നീ 'എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞില്ലേ നീ.. എന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കില്‍ ഇന്ന് ഞാന്‍ ജയിലില്‍ ഉണ്ടായേനെ. എന്തിനെന്നു പറയേണ്ടല്ലോ.. കുഞ്ഞേ മാപ്പ്.... ഷഹബാസ്''.