പത്തനംതിട്ട: ക്ഷേത്രങ്ങളില്‍ പൂജ കഴിക്കുന്ന ശാന്തിക്കാരെയും പുരോഹിതന്‍മാരെയും മനുഷ്യരായിട്ടെങ്കിലും കാണേണ്ടതുണ്ടെന്ന് യോഗക്ഷേമ സഭ സംസ്ഥാന അദ്ധ്യക്ഷന്‍ അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. ഉത്സവങ്ങളും എഴുന്നള്ളിപ്പുകളുമായി ബന്ധപ്പെട്ട് ആന ഇളകി ബഹളമുണ്ടാക്കി ഇക്കൂട്ടര്‍ പലരും അപകടത്തില്‍പ്പെടുകയും മരിക്കുകയും ചെയ്യുകയാണ്. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ റിസ്‌ക് അലവന്‍സോ ഒന്നുമില്ല.

ഇന്നും വെറും ക്ലാസ്ഫോര്‍ ജീവനക്കാര്‍ മാത്രമായ ഇവര്‍ക്ക് അപകടമുണ്ടായാല്‍ സഹായിക്കുവാന്‍ ബാദ്ധ്യതപ്പെട്ട ഉദ്യോഗസ്ഥന്‍മാരോ ബന്ധപ്പെട്ടവരോ തയാറാകുന്നില്ല. ആനപ്പുറത്തു കയറുവാന്‍ ഭയമുള്ള പൂജാരിമാര്‍ അവരുടെ ചുമതലയില്‍ സ്വന്തം ചെലവില്‍ ആളെ കൊണ്ടുവരേണ്ട അവസ്ഥയാണ്. ഈ അവസ്ഥ മാറിയേതീരൂ. ഇവര്‍ക്ക് ഇന്‍ഷുറന്‍സും റിസ്‌ക് അലവന്‍സും ലഭ്യമാക്കണം.

കേവലം അഞ്ഞൂറില്‍ താഴെ ആനകള്‍ മാത്രമേ കേരളത്തില്‍ ഉള്ളൂ എന്നാണറിയുന്നത്. ആനകള്‍ക്കു പകരം എഴുന്നള്ളിപ്പ് രഥങ്ങളില്‍ ആക്കുന്നത് താന്ത്രികമായി അപാകതയില്ലാത്തതുമാണ്. ഭക്തജനങ്ങള്‍ ഈ മാറ്റത്തിന് തയാറാകണം. പൂജാരിമാരുടെ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ ദേവസ്വം ബോര്‍ഡുകളും മറ്റധികാരികളും തയ്യാറാകണമെന്ന് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പറഞ്ഞു.