കൊച്ചി: നിരവധി ചാനലുകള്‍ അനധികൃത വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിക്കുകയും ഇതുവഴി മാസം തോറും ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കുകയും ചെയ്ത കേസില്‍ അഡ്മിന്‍മാര്‍ പിടിയില്‍. സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാത്രം ബ്രോഡ്കാസ്റ്റിങ് അവകാശമുള്ള ഈ ചാനലുകള്‍ 'നീപ്ലെ', 'എം.എച്ച്.ഡി.ടി.വി.വേള്‍ഡ്' വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിച്ചതിനാണ് പ്രതികളെ സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. 'നീപ്ലെ' വെബ്സൈറ്റ് അഡ്മിനായ ഷിബിനെ (38) മലപ്പുറത്ത് നിന്നും 'എം.എച്ച്.ഡി.ടി.വി.വേള്‍ഡ്' വെബ്സൈറ്റ് അഡ്മിനായ മുഹമ്മദ് ഷെഫിന്‍സി (32) നെ പെരുമ്പാവൂര്‍ അറക്കപ്പടിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അനധികൃത ലൈവ് സ്ട്രീമിങ്ങിലൂടെ നിരവധി പ്രേക്ഷകരെ നേടിയ പ്രതികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ മാസവരുമാനമാണ് ലഭിച്ചിരുന്നത്.

കൊച്ചി സിറ്റി പോലീസ് കമ്മിഷണറായ പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി ഡി.സി.പി. ജൂവനപ്പടി മഹേഷിന്റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍. സന്തോഷും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.