തിരുവനന്തപുരം: ഇടുക്കി പരുന്തുംപാറയില്‍ കൈയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചത് വിവാദമായതിന് പിന്നാലെ കുറ്റക്കാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം ''കുരിശുകള്‍ ' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഭൂമി കയ്യേറാന്‍ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്. കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യക്തമാക്കി.

ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചത്

കേരളത്തില്‍ വീണ്ടും കുരിശ് കൃഷി വ്യാപകമാകുന്നു

നീതിയുടെ ചിഹ്നമായ ക്രിസ്തുവിന്റെ കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികാരികള്‍ ആര്‍ജവം കാണിക്കണം

യേശുക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം ''കുരിശുകള്‍ ' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്

മുന്‍പ് പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കുന്നു

ഭൂമി കയ്യേറാന്‍ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്

കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടത്

അതേസമയം ഇടുക്കി പരുന്തുംപാറയില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ നിര്‍മ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി പൊളിച്ചു നീക്കിയത്. റവന്യൂ സംഘത്തിന്റെ പ്രത്യേക 15 അംഗ ടീമാണ് നിലവില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് എത്തിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കുരിശ് നിര്‍മാണം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തുംപാറയിലും വ്യാപക കൈയ്യേറ്റമുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. പീരുമേട് മഞ്ചുമല വില്ലേജുകളില്‍ സര്‍വേ നമ്പര്‍ മാറി പട്ടയം നല്‍കിയിട്ടുണ്ടെന്നും പട്ടയ രജിസ്റ്ററുകളില്‍ പലതും കാണാനില്ലെന്ന കണ്ടെത്തലുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വനഭൂമി കൈയ്യേറിയത് ഇടുക്കി ജില്ലയിലാണെന്നും ഹൈറേഞ്ച് സര്‍ക്കിളില്‍ മാത്രം 1998 ഹെക്ടര്‍ സ്ഥലത്ത് കൈയ്യേറ്റമുണ്ടെന്നും വനം വകുപ്പിന്റെ 2021-22 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടിലും പറയുന്നു.

പരുന്തുംപാറയിലെ കയ്യേറ്റത്തില്‍ റവന്യൂ വകുപ്പിന് പിന്നാലെ വനം വകുപ്പും അന്വേഷണം തുടങ്ങിയിരുന്നു. കോട്ടയം ഡിഎഫ്ഒ എല്‍. രാജേഷിനാണ് അന്വേഷണച്ചുമതല. റവന്യൂ ഭൂമിക്ക് പുറമെ വനമേഖലയിലും കൈയ്യേറ്റമുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് പിസിസിഎഫ് വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.