തൃശ്ശൂര്‍: മാസങ്ങളായി കേരളതീരത്തെ കടലില്‍നിന്ന് കിട്ടുന്ന മത്തിക്ക് ഒരേ വലുപ്പം. പൂര്‍ണ്ണ വളര്‍ച്ചയെത്തിയിട്ടും മത്തിക്ക് വലിപ്പം കൂടുന്നില്ല. കഴിഞ്ഞ ആറുമാസമായി മത്തി ഇത്തിരി കുഞ്ഞനായി തുടരുകയാണ്. സാധാരണ രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോള്‍ വലുപ്പം കൂടിവരാറുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ മത്തിയുടെ വലിപ്പത്തില്‍ വലിയ വ്യത്യാസമില്ല.

ഇത്തരത്തില്‍ ഒരേ വലുപ്പത്തില്‍ മത്തി തുടരുന്ന പ്രതിഭാസം ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് ചേറ്റുവ ഹാര്‍ബറിലെ തരകന്‍ അസോസിയേഷന്‍ സെക്രട്ടറി പവിത്രന്‍ കല്ലുമഠത്തില്‍ പറഞ്ഞു. അതേസമയം മത്തി വളരാത്തതിന് കാരണം തേടിയുള്ള പഠനത്തിലാണ് കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംആര്‍എഫ്ഐ). വൈകാതെ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഗ്രിന്‍സന്‍ ജോര്‍ജ് പറഞ്ഞു.

നേരത്തേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും സുലഭമായി കിട്ടിക്കൊണ്ടിരുന്ന മത്തിലഭ്യത കുറഞ്ഞതോടെ നിലവില്‍ ട്രോളിങ് ബോട്ടുകാരാണ് മുഖ്യമായും പിടിക്കുന്നത്. ലഭ്യത കുറഞ്ഞെങ്കിലും വലുപ്പമില്ലാത്തതിനാല്‍ വില കൂടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ചെറുകിട കച്ചവടക്കാര്‍പോലും കിലോഗ്രാമിന് നൂറുരൂപ നിരക്കിലാണ് വില്‍പ്പന.

വലുതിന് കിലോഗ്രാമിന് 200 രൂപയ്ക്കു മുകളില്‍ വില ലഭിക്കാറുണ്ട്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് ചെറിയ തോതില്‍ വലിയ മത്തി എത്തുന്നുണ്ടെങ്കിലും നാടന്‍ മത്തിയുടെ രുചി ഇതിനില്ലെന്നു പറയുന്നു.

2023 ഒക്ടോബര്‍ മുതല്‍ 2024 ഏപ്രില്‍വരെ ചൂടേറിയ കാലഘട്ടമായിരുന്നു. കാലാവസ്ഥയിലുണ്ടായ ഈ മാറ്റം പ്രജനനസമയം നീണ്ടുപോകാന്‍ കാരണമാകാം. അശാസ്ത്രീയ മീന്‍പിടിത്തവും പ്രശ്‌നമാകാമെന്നാണ് സിഎംആര്‍എഫ്ഐയുടെ വിലയിരുത്തല്‍.

ഇന്ത്യന്‍ മത്തിയുടെ ശരാശരി നീളം 20 സെന്റിമീറ്ററാണ്. ആറുമാസമായി 12 സെന്റിമീറ്ററില്‍ കൂടുതലുള്ള മത്തി കേരളതീരത്തുനിന്ന് കിട്ടുന്നില്ല. രണ്ടര വര്‍ഷമാണ് മത്തിയുടെ ശരാശരി ജീവിതദൈര്‍ഘ്യം. ഒരു വര്‍ഷമാവുന്നതോടെ പ്രത്യുത്പാദനശേഷി കൈവരും.