കൊച്ചി: കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടത്തിനടുത്ത് എളംബ്ലാശ്ശേരിക്കുടിയില്‍ ആദിവാസി ഗ്രാമത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദിവാസി വിഭാഗത്തില്‍പെട്ട മായ (37) ആണ് മരിച്ചത്. തലക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

തലയ്ക്കടിയേറ്റതാണ് മരണകാരണം എന്ന സംശയത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും എളംബ്ലാശേരി ആദിവാസി ഗ്രാമത്തിലേക്ക് താമസത്തിനെത്തിയത്. ഇന്നലെ രാത്രി മായയും ജിജോയും തമ്മില്‍ വഴക്കുണ്ടായതായി സൂചനകളുണ്ട്.

ജിജോ രാവിലെ വീട്ടിലേക്കു വിളിച്ചു വരുത്തിയ ഓട്ടോ ഡ്രൈവറാണ് മായ നിലത്തു കിടക്കുന്നത് കാണുന്നതും പൊലിസിനെ വിവരമറിയിക്കുന്നതും.