തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ചോദ്യക്കടലാസ് സൂക്ഷിച്ച മുറിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മറ്റു രണ്ടുപേരെയും പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. അമരവിള എല്‍എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയി ബി. ജോണ്‍, പേരിക്കോണം എല്‍എംഎസ് യുപി സ്‌കൂളിലെ ഓഫീസ് ജീവനക്കാരന്‍ ലെറിന്‍ ഗില്‍ബര്‍ട്ട് എന്നിവര്‍ക്കെതിരേയാണ് നടപടി.

കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തുമണിക്കു ശേഷമാണ് സംഭവം. പരീക്ഷാ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന പ്രിന്‍സിപ്പല്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം സ്‌കൂളില്‍ എത്തുക ആയിരുന്നു. ഇതറിഞ്ഞ നാട്ടുകാര്‍ അധ്യാപകനെ തടഞ്ഞുവെച്ച ശേഷം പോലിസില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് പിടിഎ പ്രസിഡന്റ് പരാതി നല്‍കി. സാധാരണ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യക്കടലാസ് സൂക്ഷിക്കുന്നതടക്കമുള്ള ചുമതലകള്‍ പ്രിന്‍സിപ്പലിനാണ്. എന്നാല്‍, റോയ് ബി. ജോണ്‍ അപേക്ഷ നല്‍കി പരീക്ഷാ ചുമതലകളില്‍നിന്ന് ഒഴിവായിരുന്നു.

റോയ് ബി. ജോണ്‍ അതിനുശേഷവും അരുമാളൂര്‍ എല്‍എംഎസ് എല്‍പി സ്‌കൂളിലെ അറബിക് അധ്യാപകന്‍ ഷംനാദിനെ ഇന്‍വിജിലേറ്ററായി നിയമിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനു പുറമേ, പേരിക്കോണം എല്‍എംഎസ് യുപി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് ലെറിന്‍ ഗില്‍ബര്‍ട്ടിനെ രാത്രികാല കാവലിന് അനധികൃതമായി നിയമിച്ചതായും കണ്ടെത്തി.

പ്രിന്‍സിപ്പലിന്റെ പ്രവൃത്തികള്‍ കൂടുതല്‍ സംശയാസ്പദമായ സാഹചര്യങ്ങള്‍ക്ക് ഇടനല്‍കുന്നതാണെന്നു കണ്ടെത്തിയാണ് സസ്‌പെന്‍ഷന്‍. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍(ആര്‍ഡിഡി) കെ.സുധ പ്രാഥമികാന്വേഷണവും നടത്തി.