തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷത്തിലും രാജ്യത്തെ ദളിത്- ആദിവാസി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ഭരണഘടന ഉറപ്പാക്കിയ സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ദളിത് ജനസമൂഹത്തെ കൂടുതല്‍ ദരിദ്രമാക്കുകയാണ് ഭരണകൂടങ്ങള്‍ ചെയ്യുന്നത്. ഇതിനെതിരേ രാജ്യത്താകമാനമായി ശക്തമായ ദളിത് വിപ്ലവത്തിനു സമയമായി.

ജനസംഖ്യയുടെ 16.6 ശതമാനം വരുന്ന 25 കോടിയോളം വരുന്ന ദളിത് ജനങ്ങള്‍ ഇന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പിന്തള്ളപ്പെടുകയാണ്. ഇതിനെതിരേ ശക്തമായ ദളിത് മുന്നേറ്റം ലക്ഷ്യം വച്ച് വിശാലമായ ദളിത് കോണ്‍ക്ലേവ് നടത്താന്‍ ഗാന്ധി ഗ്രാമം ഫൗണ്ടേഷന്‍ തീരുമാനിച്ചു.

കെപിസിസി പ്രസിഡന്റായിരിക്കെ 2010ല്‍ താന്‍ കേരളത്തില്‍ തുടങ്ങിയ ഗാന്ധിഗ്രാമം പരിപാടി 15 വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ദളിത് പ്രോഗ്രസിവ് കോണ്‍ക്ലേവ് 2025നു രൂപം നല്‍കിയത്. 14 ജില്ലകളിലായി ഇതുവരെ 25ല്‍പ്പരം ഗാന്ധി ഗ്രാമം പരിപാടികള്‍ നടത്തി. ഈ പരിപാടിയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും നിര്‍ദേശങ്ങളും അടിസ്ഥാനമാക്കിയാണ് ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി, ദളിത് മുന്നേറ്റം ലക്ഷ്യം വച്ച് വിവിധ രാഷ്ട്രീയ നേതാക്കളെയും ദളിത് ആദിവാസി മുന്നേറ്റ നായകരെയും അണിനിരത്തി, ഈ മാസം 23ന് തിരുവനന്തപുരം ജഗതിയിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലാണ് കോണ്‍ക്ലേവ് നടത്തുന്നത്.

2010 മുതലിങ്ങോട്ട് ഓരോ പുതുവര്‍ഷ ദിവസവും വിവിധ ആദിവാസി- ദളിത് ഊരുകളും ഗ്രാമങ്ങളും സന്ദര്‍ശിച്ചു നേരിട്ടു മനസിലാക്കിയ പ്രശ്‌നങ്ങളും വിഷയങ്ങളും സമഗ്രമായി ചര്‍ച്ച ചെയ്യുകയും പരിഹാര നിര്‍ദേശങ്ങള്‍ സമാഹരിച്ച് അധികാര സ്ഥാനങ്ങളിലെത്തിക്കുകയുമാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. ഇത്രയും സമഗ്രവും സുദീര്‍ഘവുമായ ദളിത് സമ്പര്‍ക്ക പരിപാടി സംസ്ഥാനത്ത് ഇതാദ്യമാണ്.

23നു രാവിലെ 9.30നു ചേരുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രകാശ് യശ്വന്ത് അംബേദ്കര്‍, ടി. തിരുമാവളവന്‍ എംപി തുടങ്ങിയവര്‍ പ്രസംഗിക്കും. ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന കൊടിക്കുന്നില്‍ സുരേഷിനെ ഗവര്‍ണര്‍ ആദരിക്കും.

വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി മൂന്ന് സെഷനുകളായിട്ടാണ് കോണ്‍ക്ലേവിനു രൂപം നല്‍കിയിരിക്കുന്നത്. ദളിതരുടെ ഭരണഘടനാ അവകാശങ്ങളും അതിലെ അട്ടിമറികളുമാണ് ആദ്യത്തെ വിഷയം. മുന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് മോഡറേറ്ററാകും.

ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ ഭരണഘടനാ സംരക്ഷണവും സംവരണ അട്ടിമറികളും എന്ന വിഷയം ഭരണഘടനാ ശില്പി ഡോ. അംബേദ്കറുടെ ചെറുമകനും മുന്‍ എംപിയും ദേശീയ ദളിത് മുന്നേറ്റ നായകനുമായ പ്രകാശ് യശ്വന്ത് അംബേദ്കര്‍ അവതരിപ്പിക്കും.

സമൂഹത്തിലും കുടുംബത്തിലും സ്ത്രീകളുടെ അധികാരം എന്ന വിഷയം അടിസ്ഥാനമാക്കി രണ്ടാമത്തെ സെഷന്‍ തെലുങ്കാന മന്ത്രി ദന്‍സാരി അനസൂയ ഉദ്ഘാടനം ചെയ്യും. പി.കെ ജയലക്ഷ്മി മോഡറേറ്ററാകും. മുന്‍ മന്ത്രിയും എംപിയുമായ വര്‍ഷ ഗെയ്ക് വാദ് വിഷയം അവതരിപ്പിക്കും.

ദളിത് വിഭാഗങ്ങളുടെ തൊഴിലില്ലായ്മയും ഭൂപ്രശ്‌നങ്ങളും സംബന്ധിച്ച മൂന്നാമത്തെ സെഷന്‍ കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും. പുന്നല ശ്രീകുമാര്‍ മോഡറേറ്ററാകും. മുന്‍ പി സോമപ്രസാദ് വിഷയാവതരണം നടത്തും.

അവസാന സെഷനില്‍ ഗാന്ധി ഗ്രാമം പരിപാടിയുടെ ഇത് വരെയുള്ള അവലോകനവും ഭാവിപരിപാടികളും എന്ന വിഷയം ശ്രീ. രമേശ് ചെന്നിത്തല അവതരിപ്പിക്കും

വൈകുന്നേരം 3.30നു ചേരുന്ന സമാപന സമ്മേളനത്തില്‍ മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ വാസ്‌നിക് അധ്യക്ഷത വഹിക്കും. സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ മന്ത്രി ഒ.ആര്‍ കേളു സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്ര മന്ത്രി ഡോ. ശശി തരൂര്‍ എംപി, മഹാരാഷ്ട്ര മുന്‍ മന്ത്രി നിതിന്‍ റാവത്ത് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ജിഗ്‌നേഷ് മേവാനി, മുന്‍ മന്ത്രി പന്തളം സുധാകരന്‍, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, മുന്‍ എംപി. കെ. സോമപ്രസാദ്, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ബ്രയ്ത് വെയ്റ്റ് കമ്പനി ഡയറക്ടര്‍ പി. സുധീര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പദ്മ അവാര്‍ഡ് ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയേ ആദരിക്കും.