കൊച്ചി: അമൃതയില്‍ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍മാരുടെ ത്രിദിന അന്താരാഷ്ട്ര ഉച്ചകോടി 'അസന്‍ഡ്' മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 17.2 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് ക്രമേണ 25 ലക്ഷം മെട്രിക് ടണ്‍ ആയും 43 ലക്ഷം മെട്രിക് ടണ്‍ ആയും വര്‍ധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ശരിയല്ലാത്ത ഭക്ഷണ രീതി ജീവിത ശൈലീ രോഗങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമ്പോള്‍ മറു വശത്ത് ശരിയായ പോഷകാഹാരം ലഭിക്കാത്തവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സലര്‍ ഡോ. രേണുക ജയടിസ്സ, അമൃത സെന്റര്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സ് ചീഫ് പ്രോഗ്രാം അഡ്മിനിസ്‌ട്രേറ്റര്‍ എംവി തമ്പി, ക്ലിനിക്കല്‍ നൂട്ട്രീഷ്യന്‍സ് വിഭാഗം മേധാവി ഡോ. നിവേദിത പവിത്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വ്യാഴാഴ്ച്ച ആരംഭിച്ച ഉച്ചക്കോടി ഇന്ന് അവസാനിക്കും. 3 ദിവസങ്ങളിലായി നടന്ന ഉച്ചകോടിയില്‍ ആരോഗ്യ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. അമ്യതയിലെ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍സിന് കീഴില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാം ആരംഭിച്ച് പത്ത് വര്‍ഷം പിന്നിട്ട അവസരത്തിലാണ് അന്താരാഷ്ട്ര ഉച്ചക്കോടി സംഘടിപ്പിച്ചത്. മറയൂരിലെ പിന്നോക്ക വിഭാഗം ജനസമൂഹത്തിന് വേണ്ടി നടത്തിയ മെഡിക്കല്‍ ക്യാമ്പിന്റെ വീഡിയോ പ്രദര്‍ശനം, ന്യൂസ് ലെറ്റര്‍, കീറ്റോ ഡയറ്റ് റെസിപ്പീ എന്നിവയുടെ പ്രകാശനം എന്നിവയും ചടങ്ങില്‍ വെച്ച് നടന്നു.