തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയില്‍ ഓക്സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. ആശുപത്രി ജീവനക്കാരിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. എസ്.എ.ടി.യിലെ പീഡിയാട്രിക് ഒ.പി.യിലാണ് അപകടമുണ്ടായത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജന്‍ ഫ്‌ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്. നഴ്‌സിംഗ് അസിസ്റ്റന്റ് ഷൈലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ഓക്സിജന്‍ അഡ്ജസ്റ്റ് ചെയ്യുന്ന ഫ്‌ലോമീറ്ററാണ് അമിത മര്‍ദ്ദം കാരണം പൊട്ടിത്തെറിച്ചത്. അപകടത്തില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഷൈലയെ ഉടന്‍തന്നെ കണ്ണാശുപത്രിയില്‍ എത്തിച്ചു. ഷൈലയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.