- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം ഉയര്‍ത്തണമെന്ന് മന്ത്രി ആര്‍ ബിന്ദു; എന്‍ എസ് എസിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാംപയിന് തുടക്കം
തിരുവനന്തപുരം: കൗമാരക്കാരിലും യുവജനങ്ങളിലുമുള്‍പ്പെടെയുള്ള സര്‍ഗാത്മക, കര്‍മ ശേഷികളെ നശിപ്പിച്ച് സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം ഉയര്‍ത്തണമെന്ന് ഉന്നത വിഭ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു. മാരക വിപത്തിനെതിരെ പൊതുസമൂഹത്തിലും ക്യാംപസുകളിലും ഹോസ്റ്റലുകളിലും നിരന്തര ഇടപെടലുകള്‍ നടത്തുമെന്നും സംസ്ഥാനത്തെ ലഹരിവിമുക്തമാക്കുക നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷണല്‍ സര്‍വീസ് സ്‌കീമുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലഹരിക്കെതിരെ ശക്തമായ നിലപാടുകളാണ് സംസ്ഥാനം സ്വീകരിച്ചുവരുന്നത്. എന്നാല്‍ ആഗോളതലത്തില്‍ ലഹരിവല പിടിമുറുക്കിയതിനാലാണ് അതിന്റെ അനുരണനങ്ങള്‍ ഇവിടെയുമുണ്ടാകുന്നത്. ഈ വിപത്ത് മുന്നില്‍ക്കണ്ട് കഴിഞ്ഞവര്‍ഷം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി ആരംഭിച്ച ആസാദ് സേനയ്ക്ക് മികച്ച പരിശീലന പദ്ധതി തയ്യാറാക്കി വോളന്റിയേഴ്‌സിന് പരിശീലനം നല്‍കാനായി. ഈ വര്‍ഷം സാമൂഹിക നീതി വകുപ്പിന്റെ സാമ്പത്തിക പിന്തുണ ലഭ്യമാക്കി സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. സഹപാഠികളിലൂടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ലഹരി വിപത്തുകള്‍ക്ക് തടയിടും. ലഹരിയുടെ ഉറവിടങ്ങള്‍ മനസ്സിലാക്കി എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കാന്‍ സേനയെ സജ്ജമാക്കും.
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാംപയിനിന്റെ ഭാഗമായി 1000 കേന്ദ്രങ്ങളില്‍ ജനജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കും. ആദ്യ ഘട്ടമായി ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംവാദ സദസ്സുകള്‍ നടത്തും. സംസ്ഥാനത്തെ എല്ലാ ക്യാംപസുകളിലും മനുഷ്യച്ചങ്ങല ഒരുക്കും. ചിത്രം വരയ്ക്കുന്ന പ്രാദേശിക കലാകാരന്‍മാരേയും വിദ്യാര്‍ത്ഥികളേയും കോര്‍ത്തിണക്കി വാക്കും വരയും എന്ന ചിത്ര രചനാ സെഷനുകള്‍ സംഘടിപ്പിക്കും. ലഹരിയാകുന്ന ഇരുട്ടില്‍ നിന്നും സാമൂഹിക നന്മയിലേക്കുള്ള തിരിവെട്ടം പകരാനുള്ള ദൗത്യങ്ങളുടെ പ്രതീകാത്മകമായി മണ്‍ചെരാതുകള്‍ തെളിക്കും. ക്യാംപസുകളില്‍ ലഹരി വരുദ്ധ റാലികളും മാരത്തോണുകളും നടത്തുന്നതിനു പുറമേ ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കും. ലഹരി വിരുദ്ധ മുദ്രാവാക്യ രചനാ, റീല്‍സ് മത്സരങ്ങള്‍ നടത്തും. ലഹരി വിരുദ്ധ സന്ദേശം പകരുന്നതില്‍ മാതൃകാ പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകരെ ആദരിക്കും. ലഹരി മുക്തി നേടിയവരുടെ സ്‌നേഹക്കൂട്ടായ്മകളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ആസാദ് സേനക്കായി ഒരുക്കിയ ലഹരി വിമുക്ത ഗാനം മന്ത്രി പ്രകാശനം ചെയ്തു. ഹാപ്പിനെസ് അംബാസഡര്‍, ലഹരി വിമുക്ത കേരളം സെല്‍ഫി ക്യാംപയിനുകള്‍ക്കും മന്ത്രി തുടക്കമിട്ടു. സംസ്ഥാനത്തെ എന്‍എസ് എസ് വോളന്റിയര്‍മാര്‍ക്ക് മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 14 ജില്ലകളേയും കോര്‍ത്തിണക്കിയ ലഹരി വിരുദ്ധ ദീപശിഖാ പ്രയാണത്തിനും മനുഷ്യച്ചങ്ങലക്കും മന്ത്രി തുടക്കമിട്ടു. നാഷണല്‍ സര്‍വീസ് സ്‌കീം കേരള റീജിയണല്‍ ഡയറക്ടര്‍ എം യുപ്പിന്‍ , സംസ്ഥാന ഓഫീസര്‍ ഡോ അന്‍സന്‍ ആര്‍ എന്‍, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിപ്പിച്ചു. സംസ്ഥാനത്തെ ക്യാംപസുകളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.