കുറ്റിപ്പുറം: തീവണ്ടി യാത്രയ്ക്കിടെ അംഗപരിമിതനായ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന് ഗൂഗിള്‍പേ വഴി ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ കോഴിക്കോട് ആര്‍പിഎഫ്. അറസ്റ്റുചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് വാഴോട്ടുകോണം തടത്തരികത്ത് വീട്ടില്‍ എസ്. അശ്വിന്‍ (22) ആണ് അറസ്റ്റിലായത്. കാസര്‍കോട് രാജപുരം ചാമുണ്ടിക്കുന്ന് ശാസ്തമംഗലത്ത് പ്രമോദിന്റെ മൊബൈല്‍ഫോണ്‍ കവര്‍ന്ന് പണം തട്ടിയെടുത്തുവെന്നാണ് കേസ്.

ഫെബ്രുവരി 12-ന് തൃശ്ശൂരില്‍നിന്ന് മാവേലി എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ പുലര്‍ച്ചെ മൂന്നിന് കുറ്റിപ്പുറത്തിനും തിരുനാവായയ്ക്കും ഇടയില്‍വെച്ചാണ് പ്രമോദിന്റെ മൊബൈല്‍ഫോണ്‍ അശ്വിന്‍ കവര്‍ന്നത്. കോഴിക്കോട് ആര്‍പിഎഫ് എസ്‌ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ എഎസ്‌ഐ മനോജ്, ശ്രീകാന്ത്, ബിപിന്‍ മാത്യു, വിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ജെഎഫ്സിഎം കോടതി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.