മലപ്പുറം: താനൂരില്‍ ജ്വല്ലറി വര്‍ക്സ് സ്ഥാപന ഉടമയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലിസ് പിടികൂടി. താനൂര്‍ ജ്യോതി നഗര്‍ കളത്തിങ്ങല്‍ വീട്ടില്‍ തഫ്സീര്‍(30), കാളാട് വട്ടക്കിണര്‍ സ്വദേശി കുന്നത്ത് മുഹമ്മദ് റിഷാദ്(33) എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റു ചെയ്തത്. മുഹമ്മദ് റിഷാദ് ജ്വല്ലറിയിലേക്ക് കൊണ്ടു പോയ സ്വര്‍ണം തട്ടിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.

മറ്റൊരു പ്രതിയായ തഫ്സീറും സ്വര്‍ണ കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് താനൂര്‍ ഡിവൈ.എസ്.പി. പി. പ്രമോദ് അറിയിച്ചു. താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ.മറ്റം, സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ആര്‍.സുജിത്. പി. സുകീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.