കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മദ്യംനല്‍കി ബലാത്സംഗംചെയ്ത കേസില്‍ അഭിഭാഷകന്റെ മുന്‍കൂര്‍ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. മലപ്പുറം പൊന്നാനി തോട്ടത്തില്‍ നൗഷാദിന്റെ (58) മുന്‍കൂര്‍ജാമ്യഹര്‍ജിയാണ് തള്ളിയത്. ഇപ്പോള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ കുട്ടിയെ ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോള്‍മുതല്‍ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതി അഭിഭാഷകവൃത്തിക്ക് കളങ്കമേല്‍പ്പിച്ചെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

വിക്ടിം റൈറ്റ് സെന്റര്‍ പ്രോജക്ട് കോഡിനേറ്റര്‍വഴി പെണ്‍കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് ഹര്‍ജി തള്ളിയത്. പെണ്‍കുട്ടിയുടെ മൊഴി നിറകണ്ണുകളോടെ മാത്രമേ ആര്‍ക്കും വായിക്കാനാകൂ -കോടതി പറഞ്ഞു. ആറന്മുള പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

അകന്നുകഴിയുന്ന മാതാപിതാക്കളുടെ മകളാണ് അതിക്രമത്തിനിരയായത്. ബന്ധുവായ ആന്റിവഴി കുട്ടിക്ക് ഹര്‍ജിക്കാരനെ അറിയാമായിരുന്നു. 2022-ല്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോള്‍ കോഴഞ്ചേരിയിലെ ഹോട്ടലില്‍വെച്ചാണ് നിര്‍ബന്ധിച്ച് മദ്യംനല്‍കി ആദ്യം ബലാത്സംഗംചെയ്തത്. ആന്റിയാണ് കുട്ടിയെ ഹോട്ടലിലെത്തിച്ചത്.