തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ലഹരിക്കെതിരെ മനുഷ്യമതില്‍ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കല്‍ അല്ല മറിച്ച് ക്ലിഫ് ഹൗസിലാണ് എന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷം ഈ മുഖ്യമന്ത്രിയും ഈ സര്‍ക്കാരും ഊട്ടിവളര്‍ത്തിയതാണ് ലഹരി മാഫിയയെ. ഇവരുടെ വേരറുക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്.

വെറും 24 മണിക്കൂര്‍ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാന്‍ സാധിക്കും. ഇത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത് ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്തത് ഭരണ പരാജയമാണ്. സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ യൂണിയന്‍ സമരം ചെയ്തിട്ട് ഒരുപാട് കാലമായി. അവരെ ചുമ്മാതെ സമരത്തിന് ഇറക്കാന്‍ വേണ്ടി മാത്രമുള്ള ഒരു പരിപാടിയാണ് ഈ മനുഷ്യ മതില്‍. ഇത് വെറും തട്ടിപ്പ് പരിപാടിയാണ്. സര്‍ക്കാര്‍ ലഹരി മാഫിയക്ക് നേരെ കണ്ണടയ്ക്കുന്നു. ബാറുകളും ഡിസ്റ്റിലറികളും യഥേഷ്ടം അനുവദിക്കുന്നു. പിണറായി വിജയന്‍ ഉറക്കം നിര്‍ത്തി എഴുന്നേറ്റു ഈ വിഷയത്തിന് ഒരു പരിഹാരം ഉണ്ടാക്കണം. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും യാതൊരു ആത്മാര്‍ത്ഥതയും ഇല്ലാത്തതുകൊണ്ടാണ് ലഹരി വിഷയം പരിഹരിക്കപ്പെടാതെ കിടക്കുന്നത് - ചെന്നിത്തല പറഞ്ഞു.