തിരുവനന്തപുരം: നാലു വര്‍ഷത്തിനിടെ ബാറുകളില്‍ നിന്ന് ഇന്റലിജന്‍സ് 3078.29 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. 2648 കോടി തിരിച്ചടിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. ബാറുടമകളില്‍നിന്ന് ലഭിക്കേണ്ട നികുതി കുടിശിക പിരിച്ചെടുക്കുന്നതിനുള്ള ആംനെസ്റ്റി പദ്ധതി വഴി ഖജനാവിലെത്തേണ്ട തുകയ്ക്ക് ഒരു ഇളവും നല്‍കിയിട്ടില്ല. പൂര്‍ണമായ നികുതി കുടിശ്ശികയും പലിശയുടെ 50 ശതമാനവും അടച്ചാല്‍ ബാക്കി പലിശയും പിഴയും ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മദ്യത്തിന്റെ നികുതിയില്‍ നാലു വര്‍ഷമായി ഒരു വ്യത്യാസവും വരുത്തിയില്ല. എന്നാല്‍, അയല്‍ സംസ്ഥാനങ്ങളായ കര്‍ണാക, തമിഴ്‌നാട് എന്നിവ മദ്യത്തിന്റെ നികുതി വര്‍ധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. എല്ലാ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കുമുള്ള തുക കൊടുക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതുസംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എല്ലാത്തരം സ്‌കോളര്‍ഷിപ്പുകള്‍ക്കും ഏറ്റവും സാധാരണക്കാരെ സഹായിക്കേണ്ട കാര്യങ്ങള്‍ക്കും ഒരു കുറവും വരുത്തില്ലെന്നും മന്ത്രി സഭയില്‍ ഉറപ്പുനല്‍കി.