കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിലെ കേന്ദ്രഫണ്ട് വിനിയോഗത്തില്‍ ഹൈക്കോടതിയില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 30 നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള സമയമല്ലെന്ന് കേന്ദ്രം അറിയിച്ചു. ഡിസംബര്‍ 31നകം അതാത് വകുപ്പുകള്‍ക്ക് പണം കൈമാറണമെന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ ദുരന്തബാധിതരുടെ മൊറട്ടോറിയം പുനഃക്രമീകരണം തൃപ്തികരമല്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനെ ഹൈക്കോടതി അറിയിച്ചു.

അതേസമയം, മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗണ്‍ഷിപ്പ് നിര്‍മാണം ആരംഭിക്കാനിരിക്കെ, ഒന്നാംഘട്ട ലിസ്റ്റിലെ ഭൂരിഭാഗം ?ഗുണഭോക്താക്കളും സമ്മതപത്രം കൈമാറിയിട്ടുണ്ട്. ഇന്നലെ മാത്രം 113 പേര്‍ സമ്മതപത്രം നല്‍കി. ഇതോടെ ഒന്നാംഘട്ട ലിസ്റ്റിലെ 242ല്‍ 235 പേരും സമ്മതപത്രം കൈമാറി. ഇതില്‍ ടൗണ്‍ഷിപ്പില്‍ വീടിനായി 170 പേരും സാമ്പത്തിക സഹായത്തിനായി 65 പേരുമാണ് സമ്മതപത്രം നല്‍കിയത്. ഭൂമിയുടെ ഉടമസ്ഥതയില്‍ വ്യക്തത വരുത്തിയതോടെയാണ് കൂടുതല്‍ ഗുണഭോക്താക്കള്‍ സമ്മതപത്രം നല്‍കിയത്. രണ്ടാം ഘട്ട ലിസ്റ്റിലുള്ള 2 എ, 2 ബി ലിസ്റ്റിലെ സമ്മതപത്രം ഇന്ന് മുതല്‍ സ്വീകരിച്ച് തുടങ്ങും.

ടൗണ്‍ഷിപ്പ് നിര്‍മാണത്തില്‍ ഒന്നാം ഘട്ട ലിസ്റ്റിലെ ഭൂരിഭാഗം ?ഗുണഭോക്താക്കളും സമ്മതപത്രം നല്‍കിയതിന്റെ ആശ്വാസത്തിലാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും. മറ്റന്നാള്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടല്‍ നടക്കാനിരിക്കെ ദുരന്തബാധിതര്‍ സമ്മതപത്രം നല്‍കാത്തത് പുനരധിവാസത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ ദുരന്തബാധിത പ്രദേശത്തെ ഭൂമി ?ദുരന്തബാധിതര്‍ക്ക് തന്നെയെന്ന് വ്യക്തമാക്കിയതോടെയാണ് കൂടുതല്‍ പേര്‍ സമ്മതപത്രം കൈമാറിയത്.