- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതൃ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ആരോഗ്യ സംരക്ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യത; ഗര്‍ഭ കാലത്ത് സന്തോഷകരമായ മാനസികാരോഗ്യം അമ്മയ്ക്കും കുഞ്ഞിനും ഉറപ്പാക്കണം: ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ഗര്‍ഭകാലത്ത് സന്തോഷകരമായ മാനസികാരോഗ്യ അനുഭവം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിച്ച സന്തോഷകരമായ ഗര്‍ഭധാരണവും മാതൃ മാനസികാരോഗ്യവും എന്ന വിഷയത്തില്‍ നടന്ന സംസ്ഥാനതല കൂടിയാലോചനായോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സന്തോഷകരമായ ഗര്‍ഭധാരണവും മാതൃ മാനസികാരോഗ്യവും എന്ന വിഷയവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ പരിശോധിക്കുക എന്നതാണ് കൂടിയാലോചനായോഗം ലക്ഷ്യമിടുന്നത്. കേരളത്തിലെ ആരോഗ്യ സേവനങ്ങള്‍ മാതൃകാപരമാണെങ്കിലും മാതൃ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ആരോഗ്യ സംരക്ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ഗര്‍ഭകാലത്തെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കുട്ടിയുടെ ശാരീരിക മാനസിക വികാസത്തെ ബാധിച്ചേക്കാം. മാതൃ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗര്‍ഭകാലഘട്ടത്തിലും ഗര്‍ഭാനന്തരവും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം സംബന്ധിച്ചും ആരോഗ്യ സംരക്ഷകരില്‍ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.
ഗര്‍ഭിണികള്‍ക്ക് മാനസികാരോഗ്യ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന സുരക്ഷിതവും പിന്തുണയുള്ളതുമായ ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സാമൂഹിക, സാമ്പത്തിക, സാഹചര്യങ്ങള്‍ കാരണം 15 ശതമാനത്തോളം ഗര്‍ഭിണികള്‍ സംസ്ഥാനത്ത് പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നാണ് കണക്ക്. കൂടാതെ ശരിയായ പരിചരണത്തിലും രക്ഷാകര്‍തൃത്വത്തിലും അമ്മമാരെ ബോധവല്‍ക്കരിക്കേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റീന കെ.ജെ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ യുണിസെഫ് പ്രതിനിധി കൗഷിക് ഗാംഗുലി വിഷയാവതരണം നടത്തി. കമ്മിഷന്‍ അംഗം ബി.മോഹന്‍ കുമാര്‍ അധ്യക്ഷനായി. കെ.കെ.ഷാജു സ്വാഗതവും ഡോ. എഫ്. വില്‍സണ്‍ നന്ദിയും ആശംസിച്ചു. ഐ.എ.പി പ്രസിഡന്റ് ഡോ. റിയാസ് ശിശുപരിചരണവും ഉത്തരവാദിത്ത രക്ഷാകര്‍തൃത്വം എന്ന വിഷയവും ഗൈനക്കോളജിസ്റ്റ് ഡോ. എന്‍.ആര്‍. റീന ഗര്‍ഭകാലഘട്ടത്തിലെ പരിചരണവും സംരക്ഷണവും സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കുള്ള ബോധവത്കരണം എന്ന വിഷയവും അവതരിപ്പിച്ചു.
സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. മോഹന്‍ റോയ് ഗര്‍ഭസ്ഥരായ സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് പൊതുചര്‍ച്ചയും അവലോകനവും നടന്നു. കമ്മിഷന്‍ അംഗങ്ങളായ സുനന്ദ എന്‍, സിസിലി ജോസഫ്, ജലജമോള്‍ റ്റി.സി. എന്നിവര്‍ മോഡറേറ്റര്‍മാരായി. സര്‍ക്കാര്‍ മേഖലയിലെ ഗൈനക്കോളജിസ്റ്റുകള്‍, മാനസികാരോഗ്യവിദഗ്ധര്‍, ശിശുരോഗ വിദഗ്ധര്‍ തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുത്തു.