തിരുവനന്തപുരം: എമ്പുരാന്‍ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പോലീസ്. നടപടിയുടെ ഭാഗമായി ചില വെബ്‌സൈറ്റുകളില്‍ എമ്പുരാന്‍ സിനിമയുടെ ചില ഭാഗങ്ങള്‍ പോലിസ് നീക്കം ചെയ്തു. ഇവ ഡൗണ്‍ലോഡ് ചെയ്തവരെയും കണ്ടെത്തി.

പരാതി ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാക്കുമെന്ന് സൈബര്‍ എസ് പി അങ്കിത് അശോക് പറഞ്ഞു. പരാതി ലഭിക്കാതെയും വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു തുടങ്ങിയെന്നും എസ് പി അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ആറിനാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. സിനിമ റിലീസായി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു. കേരളത്തിലെ 750-ാം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്