- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദ് സര്‍വകലാശാല ഭൂമി കയ്യേറ്റം; സര്‍വ്വകലാശാലയുടെ ഭൂമി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യം; നിവേദനം നല്‍കി എബിവിപി
ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയുടെ 400 ഏക്കര്‍ ഭൂമി അനധികൃതമായി കയ്യേറാനും ലേലം ചെയ്യാനുമുള്ള തെലങ്കാന സര്‍ക്കാര്‍ ശ്രമങ്ങള്‍ അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി രാജിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് നിവേദനം സമര്‍പ്പിച്ചു . ഹൈദരാബാദ് സര്‍വകലാശാലയുടെ ഗച്ചിബൗളിയിലുള്ള 400 ഏക്കര്‍ വനഭൂമിയാണ് ഐടി ഹബ്ബ് വികസനത്തിന്റെ പേരില്‍ സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തീറെഴുതി കൊടുക്കാന്‍ രേവന്ത് റെഡ്ഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സര്‍വ്വകലാശാലയ്ക്ക് ലഭിച്ച ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് വിട്ടു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അപലപനീയമാണ് എന്ന് എബിവിപി വ്യക്തമാക്കി.
സര്‍വ്വകലാശാല ഭൂമി അനേകം ജന്തുജാലങ്ങളുടെ വാസസ്ഥലമാണ് എന്നും കേവലം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും എബിവിപി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്ത് അവരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിച്ച രേവന്ത് റെഡ്ഡി സര്‍ക്കാര്‍ ഏകാധിപത്യ സമീപനമാണ് സ്വീകരിക്കുന്നത് എന്നും ഇത് അനുവദനീയമല്ല എന്നും എബിവിപി വ്യക്തമാക്കി.400 ഏക്കര്‍ ഭൂമി ലേലം ചെയ്യാനുള്ള ശ്രമങ്ങള്‍ തടഞ്ഞ് സര്‍വ്വകലാശാലയ്ക്ക് വീണ്ടും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് എബിവിപി പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
ഹൈദരാബാദ് സര്‍വകലാശാലയുടെ ഭൂമി നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെയും പരിസ്ഥിതിയുടെയും മൂല്യമേറിയ സ്വത്താണ് എന്നും ഈ ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി തീറെഴുതി കൊടുക്കാന്‍ ശ്രമിക്കുന്ന രേവന്ത് റെഡ്ഡി വിദ്യാര്‍ത്ഥികളോടും ജീവജാലങ്ങളോടും വലിയ അനീതിയാണ് കാണിക്കുന്നത് എന്നും ഇത് അനുവദനീയമല്ല എന്നും എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി രാജ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ എല്ലാ അവകാശങ്ങളും ഹനിക്കുന്ന സമീപനമാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടാവുന്നത് എന്നും അദ്ദേഹം ആരോപിച്ചു. രേവന്ത് റെഡ്ഡി സര്‍ക്കാര്‍ ലേലം നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ ആണ് ഒരുങ്ങുന്നത് എങ്കില്‍ എബിവിപി രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ എബിവിപി അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൂമി അനധികൃതമായി കയ്യേറാനുള്ള ശ്രമങ്ങള്‍ സ്വീകാര്യമല്ല എന്നും സര്‍വ്വകലാശാല ഭൂമി വിദ്യാര്‍ത്ഥികളുടെ ഗവേഷണ ആവശ്യങ്ങള്‍ക്കും പഠനത്തിന് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മാത്രമേ ഉപയോഗിക്കാവൂ എന്നും എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍ പറഞ്ഞു. സ്വകാര്യ കമ്പനികള്‍ക്ക് സര്‍വ്വകലാശാല ഭൂമി വിട്ട് നല്‍കി വലിയ അഴിമതി നടത്താനാണ് രേവന്ത് റെഡ്ഡി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും അവര്‍ ആരോപിച്ചു.സര്‍വ്വകലാശാല ഭൂമി സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളുടെ കൂടെ എബിവിപി ശക്തമായി നിലകൊള്ളുമെന്നും പ്രതിഷേധ പ്രകടനങ്ങളുമായി തങ്ങള്‍ മുന്നോട്ടു പോകുമെന്നും അവര്‍ വ്യക്തമാക്കി.
എബിവിപി ദേശീയ സെക്രട്ടറിമാരായ ശ്രാവണ്‍ ബി രാജ്,ശിവാംഗി ഖര്‍വാള്‍, ഹൈദരാബാദ് സര്‍വകലാശാല യൂണിറ്റ് പ്രസിഡണ്ട് അനില്‍ കുമാര്‍, ദില്ലി സര്‍വ്വകലാശാല യുണിയന്‍ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ്, സെക്രട്ടറി മിത്രവിന്ദ കരണ്‍വാള്‍,ജെ.എന്‍.യു സര്‍വ്വകലാശാല യൂണിറ്റ് പ്രസിഡണ്ട് രാജേശ്വര്‍ ദൂബെ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചത്.