മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും നേരെ വധ ഭീഷണി മുഴക്കിയ കേസില്‍ യുവാവിനെ കോടതി രണ്ട് വര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. 2023 നവംബറില്‍ മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു ഭീഷണി മുഴക്കിയ ചുനാഭട്ടി നിവാസി കമ്രാന്‍ ഖാനാണ് (29) കോടതി ശിക്ഷ വിധിച്ചത്.

സമാധാന അന്തരീക്ഷം തകര്‍ക്കുക, ഭീതി സൃഷ്ടിക്കുക എന്നിവയടക്കമുള്ള കുറ്റങ്ങള്‍ക്കാണു ശിക്ഷ. ഏറ്റവും പ്രധാനപ്പെട്ട വ്യക്തികള്‍ക്കെതിരെയുള്ള ഭീഷണികള്‍ ന്യായീകരിക്കാനാകില്ലെന്നും ഗുരുതര കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് പൊലീസ് സേന ഒന്നാകെ സുരക്ഷാ നടപടികളിലേക്കു കടക്കേണ്ടിവന്ന കാര്യവും ചൂണ്ടിക്കാട്ടി. പ്രതി മാനസിക ദൗര്‍ബല്യമുള്ളയാളാണെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.