വര്‍ക്കല: പോക്‌സോ കേസില്‍ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശികളെ വര്‍ക്കലയില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തു. പാപനാശം വിനോദസഞ്ചാരമേഖലയില്‍ ഒളിവില്‍ കഴിഞ്ഞ നിര്‍മല്‍(19), സുഹൃത്തായ 17കാരന്‍ എന്നിവരാണ് പിടിയിലായത്. 15 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതികളാണ് ഇരുവരും. കോയമ്പത്തൂര്‍ പേരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

മൂന്നുദിവസം മുന്‍പാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തത്. തുടര്‍ന്ന് ഇവര്‍ വര്‍ക്കലയിലെത്തി ലോഡ്ജില്‍ മുറിയെടുത്ത് ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വര്‍ക്കലയിലുണ്ടെന്ന സൂചന ലഭിച്ചിരുന്നു.

തമിഴ്നാട് പോലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ക്കല ഡിവൈഎസ്പിയുടെ നിര്‍ദേശാനുസരണം ടൂറിസം പോലീസ് പാപനാശം മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോയമ്പത്തൂര്‍ പോലീസിനു കൈമാറി.