തിരുവനന്തപുരം: 12 വയസുകാരനെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. പുരയിടത്തില്‍ നിന്ന വാഴയില മുറിച്ചെന്ന് ആരോപിച്ചാണ് പ്രതി ബാബു (60)അയല്‍വാസിയായ 12 വയസുകാരനെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരം അഡീഷനല്‍ ജില്ലാ ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്. 2016 മേയിലാണ് കേസിനാസ്പദമായ സംഭവം.

കാരോട് വില്ലേജില്‍ പൊറ്റയില്‍ക്കട കാണവിള തബു ഭവനില്‍ ഷൈനിനെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തന്റെ വാഴത്തോട്ടത്തിലെ വാഴയില മുറിച്ചത് ഷൈന്‍ ആണെന്ന സംശയത്താല്‍ പ്രതി കത്തിയുമായി ഷൈനിന്റെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി അമ്മയുടെ മുന്നില്‍വച്ച് കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

പാറശാല പൊലീസ് ഇന്‍സ്പെക്റായിരുന്നു ഷാജിമോന്‍ ആണ് അന്വേഷണം നടത്തി കുറ്റപ്പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ. കെ. അജിത്പ്രസാദ്, അഭിഭാഷകയായ വി.സി.ബിന്ദു എന്നിവര്‍ ഹാജരായി.