കണ്ണൂര്‍ : കൂത്തുപറമ്പിനടുത്തെ ചിറ്റാരിപ്പറമ്പിന്‍ അങ്കണവാടി വര്‍ക്കര്‍ക്ക് തേനീച്ച ആക്രമണത്തില്‍ പരിക്ക്. ചിറ്റാരിപറമ്പ് പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിയെയാണ് വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച്ച രാവിലെ തേനീച്ച ആക്രമിച്ചത്.

കുത്തേറ്റ് അവശയായ ശ്രീദേവി സമീപത്തെ തോട്ടില്‍ മുങ്ങി നിന്ന് രക്ഷപ്പെടുകയായിരുന്നു. ഫോണില്‍ സഹോദരനെ വിളിച്ചാണ് വിവരം പറഞ്ഞത്. ആ സമയവും ആക്രമണമുണ്ടായി. സഹോദരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു ശ്രീദേവി.

വനം വകുപ്പ് അധികൃതരെത്തി ജീപ്പില്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ദേഹത്താകെ കുത്തേറ്റിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളമായി വനപാതയിലൂടെയാണ് ശ്രീദേവി അങ്കണവാടിയിലേക്ക് പോകാറുള്ളത്. ഇതിനിടെയാണ് അക്രമമുണ്ടായത്. ഉഗ്രവീര്യമുള്ള പായ് തേനീച്ചയാണ് ഇവരെ കുത്തി പരുക്കേല്‍പ്പിച്ചത്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ശ്രീദേവിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു.