രാമനാട്ടുകര: പൊലീസിന്റെ ഡ്രോണ്‍ പരിശോധനക്കിടെ കോഴിക്കോട് രാമനാട്ടുകരയില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് 16 കഞ്ചാവ് ചെടികള്‍ ഫറോക് പൊലീസ് കണ്ടെത്തിയത്. ഒമ്പതാം മൈലില്‍ ദേശിയപാതയോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് 16 കഞ്ചാവ് ചെടികള്‍ കണ്ടത്. ചെടികള്‍ ആരെങ്കിലും നട്ടു വളര്‍ത്തിയതാണോയെന്നും പരിശോധിക്കും. രാമനാട്ടുകരയിലെ ലഹരിസംഘങ്ങളുടെ താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ ഡ്രോണ്‍ പരിശോധന.

മുമ്പ് കുറ്റിക്കാടായിരുന്ന ഇവിടം ലഹരി സംഘങ്ങള്‍ താവളമാക്കിയിരുന്നു. സംഭവത്തില്‍ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കഞ്ചാവ് ചെടികള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എത്തിയിരുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.പ്രദേശത്ത് മുമ്പ് ലഹരി സംഘങ്ങള്‍ തമ്പടിച്ചിരുന്ന പ്രദേശങ്ങളില്‍ പൊലീസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.