എറണാകുളം: പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തി പോര്‍ച്ചിലിരുന്ന ബൈക്കിന് തീയിട്ട യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് മല്ലതോട്ടത്തില്‍ വീട്ടില്‍ അനീഷാണ് (38) പിടിയിലായത്. ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. തീ പടര്‍ന്ന് വീടിന്റെ ജനല്‍ പാളികളും ഭാഗികമായി കത്തിനശിച്ചു.

ഇരിങ്ങോള്‍ കാവ് റോഡില്‍ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ പോര്‍ച്ചിലിരുന്ന ബൈക്കിനാണ് തീയിട്ടത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു ആക്രമണം. എറണാകുളത്ത് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയും ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തിയിരുന്ന അനീഷും മുന്‍പ് സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവനസം രാത്രി യുവതിയെ കാണാന്‍ അനീഷ് യുവതിയുടെ വീട്ടിലെത്തി. എന്നാല്‍ വീട്ടുമുറ്റത്ത് പരിചയമില്ലാത്ത ബൈക്ക് കാണുകയും വിളിച്ചിട്ട് വാതില്‍ തുറക്കാതിരിക്കുകയും ചെയ്തതോടെയാണ് അനീഷ് പ്രകോപിതനായത്.

യുവതിയുടെ പരാതി പ്രകാരം സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ പോലീസ് വീടിന്റെ പരിസരത്തു നിന്നുതന്നെ പ്രതിയെ പിടികൂടി. യുവാവ് ടാക്സിയിലാണ് വീട്ടിലെത്തിയത്. ആക്രമണം തുടങ്ങിയതോടെ ടാക്സി ഡ്രൈവര്‍ കാറുമായി സ്ഥലംവിട്ടു.