കോഴിക്കോട്: മാരക മയക്കുമരുന്നായ ഹെറോയിനുമായി പശ്ചിമബംഗാള്‍ സ്വദേശി കോഴിക്കോട് പിടിയില്‍. ബംഗ്ലാദേശില്‍നിന്ന് ഹെറോയിന്‍ കടത്തിക്കൊണ്ടു വന്ന് വില്‍പ്പന നടത്തുന്നതിനിടെ ുല്ലാളൂരില്‍വെച്ച് പശ്ചിമബംഗാള്‍ സ്വദേശി കല്‍സര്‍ അലി (29) യെയാണ് കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. രാജീവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

മെഡിക്കല്‍ ഷോപ്പുകാര്‍ക്ക് തോന്നിയ സംശയമാണ് കല്‍സര്‍ അലിയുടെ അറസറ്റിലേക്ക് നീണ്ടത്. കുറേപ്പേര്‍ ടിടിയും സിറിഞ്ചും അസാധാരണമാംവിധം വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട മെഡിക്കല്‍ഷോപ്പ് അധികൃതര്‍ പോലിസിന് രഹസ്യവിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കല്‍സര്‍ അലി 30 ഗ്രാം ഹെറോയിനുമായി പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികള്‍ വഴി ബംഗ്ലാദേശില്‍നിന്ന് കൈമാറ്റം ചെയ്യപ്പെട്ട് കടത്തിക്കൊണ്ടുവരുന്ന ഹെറോയിന്‍ ജില്ലയുടെ പലഭാഗങ്ങളിലായി വില്‍പ്പന നടത്തുന്നതിലെ ഒരു പ്രധാനകണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗ്രാമിന് ആയിരംരൂപ നിരക്കില്‍ വാങ്ങുന്ന ഹെറോയിന്‍ ഒരുഗ്രാമിന് 2000 രൂപ വെച്ചാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ അടങ്ങുന്ന ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നത്. മാസത്തിലൊരിക്കല്‍ ബംഗ്ലാദേശില്‍നിന്ന് ഹെറോയിന്‍ എത്തിക്കുന്ന മുഖ്യസൂത്രധാരനെക്കുറിച്ചുള്ള വിവരങ്ങള്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കര്‍ശനമായ പരിശോധന ഉണ്ടാകുമെന്ന് കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍.എന്‍. ബൈജു അറിയിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ കെ. പ്രവീണ്‍കുമാര്‍, കെ. ജുബീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ. രസൂണ്‍കുമാര്‍, എ.എം. അഖില്‍, കെ. ദീപക്, തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.