മലപ്പുറം: മലപ്പുറത്ത് യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിയാണ് വേങ്ങര സ്വദേശിയായ ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രണ്ട് വര്‍ഷം മുമ്പായിരുന്നു യുവതിയുടെയും വീരാന്‍കുട്ടിയുടെയും വിവാഹം. ദമ്പതികള്‍ക്ക് പതിനൊന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. കുഞ്ഞ് ജനിച്ചശേഷം ഇയാള്‍ ഭാര്യയെ കാണാന്‍ പോയിട്ടില്ല.

കഴിഞ്ഞ ദിവസം ഇയാള്‍ യുവതിയുടെ പിതാവിനെ വിളിച്ച് മകളെ മുത്തലാഖ് ചൊല്ലിയിരിക്കുന്നുവെന്നും പറഞ്ഞ് ബന്ധം ഉപേക്ഷിച്ചു. രോഗിയായ മകളെയാണ് തനിക്ക് വിവാഹം കഴിച്ചുതന്നതെന്നും തന്നെ കബളിപ്പിച്ചെന്നുമൊക്കെ ഇയാള്‍ യുവതിയുടെ അച്ഛനോട് ഫോണിലൂടെ പറഞ്ഞു. എന്നാല്‍ യുവതിയുടെ മുപ്പത് പവന്‍ സ്വര്‍ണാഭരണം തിരിച്ചുനല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. മുമ്പ് യുവതിക്ക് ബോധക്ഷയം ഉണ്ടായിരുന്നു. അന്ന് ആശുപത്രിയിലാക്കി. അതിനുശേഷമാണ് ഭാര്യ ഇനി വേണ്ടെന്ന് വീരാന്‍കുട്ടി തീരുമാനിച്ചതെന്നാണ് വിവരം. വനിതാ കമ്മിഷനും പൊലീസിനും പരാതി നല്‍കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

അടുത്തിടെ കാസര്‍കോട് വാട്‌സ്ആപ്പിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശിയായ ഭര്‍ത്താവ് അബ്ദുല്‍ റസാഖിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.