തിരുവല്ല: മുന്‍വിരോധത്താല്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ കേസില്‍ രണ്ടു പ്രതികളെ പിടികൂടി. നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് തുണ്ടിയില്‍ ഐശ്വര്യ വീട്ടില്‍ പങ്കു എന്ന് വിളിക്കുന്ന വിഷ്ണു എസ് നായര്‍(27)ക്ക് കത്തിക്കുത്തേറ്റ സംഭവത്തില്‍ കവിയൂര്‍ ഞാലികണ്ടം ഇഞ്ചത്തടിയില്‍ വിഷ്ണു വിജയകുമാര്‍ (27), സുഹൃത്ത് കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് എം ജെ ജെബിന്‍ പോള്‍(34) എന്നിവരാണ് അറസ്റ്റിലായത്.

ഏഴിന് രാത്രി 9.45 ന് ഉണ്ടപ്ലാവിലെ തട്ടുകടയില്‍ വച്ചാണ് സംഭവമുണ്ടായത്. വിഷ്ണു എസ് നായരും സുഹൃത്ത് പ്രമോദ് എസ് പിള്ളയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, പ്രതികള്‍ അസഭ്യം വിളിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചുവെന്നാണ് കേസ്. വിഷ്ണു വിജയകുമാറിനെയും ജെബിനെയും ആക്രമിച്ചെന്ന് കാട്ടിയുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ആദ്യം പുളിക്കീഴ് പോലീസ് കേസെടുത്തിരുന്നു. അതില്‍ വിഷ്ണു എസ്. നായരും പ്രമോദ് എസ് പിള്ളയും പ്രതികളായിരുന്നു. ഇരു കേസുകളിലുമായി നാലുപേരും റിമാന്റിലായി.

വിഷ്ണുവിനെയും സുഹൃത്ത് പ്രമോദിനെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നെന്ന് മൊഴിയില്‍ പറയുന്നു. ഒന്നാം പ്രതി വിഷ്ണു വിജയകുമാര്‍ കയ്യിലിരുന്ന കത്തികൊണ്ട് തലയില്‍ കുത്തിയപ്പോള്‍ ഒഴിഞ്ഞുമാറിയതിനാല്‍ ഇടതു നെറ്റിയില്‍ പുരികത്തിനു മുകളില്‍ കൊണ്ട് ആഴത്തില്‍ മുറിവുണ്ടായതായും വീണ്ടും കുത്തിയപ്പോള്‍ തടഞ്ഞ സുഹൃത്തിന്റെ ഇടതുകൈത്തണ്ട മുറിഞ്ഞതായും പറയുന്നു. കത്തിയില്‍ കയറിപ്പിടിച്ച വിഷ്ണുവിന്റെ ഇടതുകൈ തള്ളവിരല്‍ പ്രതി കടിച്ചു മുറിവേല്‍പ്പിച്ചു. രണ്ടാം പ്രതിയും മര്‍ദ്ദിച്ചതായി മൊഴിയിലുണ്ട്.

ആദ്യത്തെ കേസില്‍ പ്രതികളായ ഇവരുടെ മൊഴി കസ്റ്റഡിയില്‍ വച്ചാണ് പോലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഈ കേസെടുക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട്, പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത 3 കേസുകളില്‍ പ്രതിയാണ് വിഷ്ണു വിജയകുമാര്‍. പുളിക്കീഴ് തിരുവല്ല പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 4 കേസുകളില്‍ പ്രതിയാണ് ജെബിന്‍. പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് സംഘത്തില്‍ എസ് ഐ സതീഷ് കുമാര്‍, എ എസ് ഐ പ്രബോധചന്ദ്രന്‍, എസ് സി പി ഓ മനോജ്, സി പി ഓ അലോഖ് എന്നിവരാണുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.