കോഴിക്കോട്: ഒളവണ്ണയില്‍ ഭീതി പരത്തി തെരുവ് നായ ആക്രമണം. നാഗത്തുംപാടത്തും പരിസരങ്ങളിലുമായി ഒട്ടേറെ ആളുകളെയാണ് തെരുവ് നായ ആക്രമിച്ചത്. വഴിയാത്രക്കാര്‍ക്കു പുറമേ വീട്ടിനകത്തു കയറി ഒരു കുട്ടിയെയും നായ കടിച്ചുകീറി. നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ ഏഴു പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ റിട്ടയേഡ് അധ്യാപകന്‍ അബ്ദുല്‍ ജബ്ബാര്‍ (68), മൂത്താറമ്പത്ത് അഭിജിത്ത് കൃഷ്ണ (12), വാഴയില്‍ അബ്ദുല്‍ മജീദ്(51), എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

അഭിജിത്ത് കൃഷ്ണയെ വീട്ടിനകത്തു കയറിയാണ് നായ മുഖത്തും ദേഹത്തും കടിച്ചത്. വീട്ടുമൃഗങ്ങള്‍ക്കും മറ്റു തെരുവു നായകള്‍ക്കും ഈ നായയുടെ കടിയേറ്റതായി പരാതിയുണ്ട്. അക്രമകാരിയായ നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ കുടത്തുംപാറയിലും പുളേങ്കരയിലും കഴിഞ്ഞ ദിവസം നായയുടെ അക്രമത്തില്‍ ഒട്ടേറെ ആളുകള്‍ക്കു പരുക്കേറ്റിരുന്നു.