തിരുവനന്തപുരം: രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞതെന്ന് സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നടുക്കുന്ന വാര്‍ത്തകളാണ് മലയോര മേഖലയില്‍ നിന്ന് ദിവസവും പുറത്ത് വരുന്നത്. അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. വനാതിര്‍ത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണ്. ആനകള്‍ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തിന്റെ നിരീക്ഷണം ഉറപ്പാക്കി ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സതീശന്‍ പറഞ്ഞു.

കാടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന സ്ഥിരം പല്ലവി ദയവായി വനം മന്ത്രി ഇനിയും പറയരുത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്. വനാവകാശ നിയമ പ്രകാരം കാട്ടിനുള്ളില്‍ ആദിവാസികള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരാണ്. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. യഥാര്‍ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാത്ത സര്‍ക്കാരും വനം വകുപ്പുമാണ് ഇതില്‍ ഒന്നാം പ്രതി.

ഈ വര്‍ഷം ഇതുവരെ 18 ജീവനുകളാണ് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത്. ഫെബ്രുവരി മാസത്തില്‍ ഒരാഴ്ചയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ചെറുവിരല്‍ അനക്കിയില്ല. മലയോര മേഖല ഒന്നാകെ ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ നിസംഗത അംഗീകരിക്കാനാകില്ല. റിപ്പോര്‍ട്ട് തേടുകയെന്നത് മാത്രമല്ല വനം മന്ത്രിയുടെ ജോലി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വനം മന്ത്രി എന്തിനാണ് സ്ഥാനത്തിരിക്കുന്നത്?-സതീഷന്‍ ചോദിച്ചു.