എറണാകുളം: കളമശേരി ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി അമ്പിളിയുടെ മരണത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനും, റൂം മേറ്റ്സിനും പങ്കുണ്ടെന്ന് കുടുംബം. മരണശേഷവും അമ്പിളിയുടെ മൊബൈല്‍ ഫോണ്‍ മറ്റാരോ ഉപയോഗിച്ചു. പെണ്‍കുട്ടിയുടെ ഡയറി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കുടംബം ആരോപിച്ചു. ഈ മാസം അഞ്ചിനാണ് പി പി അമ്പിളിയെ കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ ഡയറിക്കുള്ളില്‍ ആത്മഹത്യാ കുറിപ്പ് വച്ച് ആത്മഹത്യാ പ്രവണതയുള്ളയാളാണെന്ന് വരുത്തിത്തീര്‍ക്കാനടക്കം ശ്രമിച്ചുവെന്നും ആരോപണമുണ്ട്. സമഗ്രമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

11 മണിക്കാണ് കുട്ടി മരിച്ചത്. എന്നാല്‍ 2.12 വരെ മൊബൈലില്‍ വാട്സാപ്പ് ലാസ്റ്റ് സീന്‍ കാണിക്കുന്നുണ്ട്. ആരാണ് ഫോണ്‍ ഉപയോഗിച്ചത് എന്നാണ് ഞങ്ങള്‍ക്കറിയേണ്ടത്. ദിവസവും ഡയറിയെഴുതുന്ന പ്രകൃതക്കാരിയാണ് അമ്പിളി. അത് ഞങ്ങളുടെ കൈവശമുണ്ട്. റൂം മേറ്റ്സ്, വാര്‍ഡന്‍ എന്നിവര്‍ക്ക് പങ്കുണ്ട്. മൃതദേഹം എടുക്കാന്‍ പോയപ്പോള്‍ വളരെ മോശമായാണ് സംസാരിച്ചത്. മുഖ്യമന്ത്രിക്കും കളമശേരി എസ്ഐക്കും പരാതി നല്‍കിയിട്ടുണ്ട് കുട്ടിയുടെ അമ്മാവന്‍ വ്യക്തമാക്കി.

രാത്രി 11 മണിയോടെ ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു അമ്പിളിയെ. അന്നു മുതല്‍ തന്നെ കുടുംബം ആരോപണവുമായി രംഗത്തുണ്ടായിരുന്നു. മരണപ്പെടുന്നതിന് അടുത്ത മാസങ്ങളിലെ അമ്പിളിയുടെ ഡയറി കാണാനില്ലെന്നും ആരോപണമുണ്ട്. ഹോസ്റ്റല്‍ വാര്‍ഡനും സഹപാഠികളും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അമ്പിളി നാട്ടിലെത്തിയ സമയത്ത് രക്ഷിതാക്കളോട് പറഞ്ഞിരുന്നു.