ആലപ്പുഴ: പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിലും ആറാട്ടുപുഴയിലും ശക്തമായ കടല്‍ കയറ്റം. കഴിഞ്ഞ രണ്ടു ദിവസമായി വേലിയേറ്റത്തെ തുടര്‍ന്ന് മീറ്ററുകളോളം തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറി. പുന്നപ്ര വിയാനി, ചള്ളി, നര്‍ബോന, പറവൂര്‍ ഗലീലിയ, വാടക്കല്‍ അറപ്പപൊഴി, മത്സ്യഗന്ധി ഭാഗങ്ങളിലെല്ലാം ശക്തമായ കടലേറ്റം തീരം കവര്‍ന്നു.

പലയിടത്തും കടലോരത്തു നിന്ന കാറ്റാടി ഉള്‍പ്പെടെയുള്ള മരങ്ങള്‍ നിലംപൊത്തി. കരയ്ക്കിരുന്ന ചെറിയ വള്ളങ്ങളും തിരമാലയുടെ ശക്തിയില്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മത്സ്യ തൊഴിലാളികള്‍ തന്നെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. വാടക്കല്‍ അറപ്പ പൊഴി ഭാഗത്തും പുന്നപ്ര തെക്ക് ഒന്നാം വാര്‍ഡ് നര്‍ബോന കുരിശടിക്കു സമീപവുമാണ് കൂടുതല്‍ മരങ്ങള്‍ നിലംപൊത്തിയത്.

ഈ ഭാഗങ്ങളില്‍ കിലോമീറ്ററുകളോളം കടല്‍ ഭിത്തിയില്ലാത്തത്, കരയിലേറ്റം രൂക്ഷമാകുന്നതിന് കാരണമായി. വിയാനി ഭാഗത്ത് തീരദേശ റോഡു വരെ കടലേറ്റമുണ്ടായി. കടല്‍ക്ഷോഭം ഭയന്ന് മല്‍സ്യബന്ധന യാനങ്ങള്‍ കടലില്‍ ഇറക്കിയില്ല. തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം മൂലം തീര ശോഷണം സംഭവിക്കുന്നതാണ് അപ്രതീക്ഷിത കടല്‍കയറ്റത്തിനു കാരണമെന്നാണ്, മുതിര്‍ന്ന മത്സ്യതൊഴിലാളികള്‍ പറയുന്നത്.

ആറാട്ടുപുഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടലേറ്റമുണ്ടായിരുന്നു. പെരുമ്പളളി ജങ്ഷനു വടക്കുഭാഗത്താണ് കടല്‍വെള്ളം കരയിലേക്ക് അടിച്ചുകയറിയത്. ഉച്ചയ്ക്കുശേഷം വേലിയേറ്റ സമയത്താണ് തിരമാലയക്ക് ശക്തികൂടുന്നത്. വലിയഴീക്കല്‍-തൃക്കുന്നപ്പുഴ തീരദേശ റോഡ് കവിഞ്ഞ് വെള്ളം കിഴക്കോട്ടൊഴുകി. റോഡില്‍ വെളളവും മണലും നിറഞ്ഞൊഴുകുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. റോഡിനു പടിഞ്ഞാറും കിഴക്കുമായി ഒട്ടേറെ വീടുകളുടെ പരിസരവും വെളളത്തില്‍ മുങ്ങി. വീടുകളുടെ ചുറ്റിലും വെളളം കെട്ടിനില്‍ക്കുന്നതിനാല്‍ ഇവിടങ്ങളിലെ താമസക്കാരും കടുത്ത ദുരിതത്തിലായി.