തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇത്തവണ കേരളത്തിലുള്‍പ്പെടെ ശരാശരിയെക്കാള്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയെന്ന് പ്രവചനം. ദീര്‍ഘകാല ശരാശരിയില്‍നിന്ന് അഞ്ചുശതമാനംവരെ അധികം മഴ പെയ്യാമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ദീര്‍ഘകാല പ്രവചനം നല്‍കുന്ന സൂചന. 87 സെന്റീമീറ്ററാണ് രാജ്യത്തെ ദീര്‍ഘകാല ശരാശരി.

പസഫിക് സമുദ്രത്തില്‍ എല്‍-നിനോ, ലാ-നിന പ്രതിഭാസങ്ങള്‍ക്ക് സാധ്യതയില്ല. അതായത് സമുദ്രോപരിതല താപനിലയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാവില്ല. മണ്‍സൂണ്‍ കാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കിഴക്കും പടിഞ്ഞാറും തമ്മില്‍ താപനിലയിലും കാര്യമായ വ്യത്യാസമില്ലാതെ തുടരും. ഇതെല്ലാം കാലവര്‍ഷത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

വിവിധ മേഖലകളില്‍ എത്രത്തോളം മഴ ലഭിക്കുമെന്നും കാലവര്‍ഷം കേരളത്തില്‍ എന്ന് എത്തുമെന്നും മേയ് 15-നുള്ള പ്രവചനത്തില്‍ വ്യക്തമാക്കും.